മോഹന കണ്ണന്
മുരാരിബാജിയുടെ അദ്വിതീയമായ പരാക്രമം കണ്ട് ദിലേര്ഖാന് വിസ്മയപ്പെട്ടു. ഇദ്ദേഹം മനുഷ്യനാണോ? രാക്ഷസനാണോ എന്ന് സംശയിച്ചുപോയി. ഉടനെ ഖാന് ആനപ്പുറത്ത് ചാടിക്കയറി, അവിടെയിരുന്ന് മുരാരിബാജിയെ വിളിച്ചു.
താങ്കളുടെ അതുലനീയ പരാക്രമം കണ്ടു, താങ്കള്‍ നമ്മുടെ പക്ഷത്തേക്ക് വരൂ താങ്കള്‍ക്ക് പണവും പദവിയും നല്‍കാം എന്നു പറഞ്ഞു. ഇത് കേട്ട മുരാരി രോഷംകൊണ്ട് ജ്വലിച്ചു. ഞാന്‍ സ്വരാജ്യത്തിന്റെ സൈനികനാണ് പണത്തിനും പദവിക്കും വേണ്ടിയല്ല ദേശത്തിനും ധര്‍മത്തിനും വേണ്ടിയാണ് പൊരുതുന്നത് എന്ന് പറഞ്ഞുകൊണ്ട് ഖാനെ ആക്രമിക്കാനായി പുറപ്പെട്ടു. ആനപ്പുറത്തായതിനാല്‍ ബാജിയുടെ പ്രഹരത്തില്‍ നിന്നും രക്ഷപ്പെട്ടു. ആ സമയംകൊണ്ട് ഖാന് മുരാരിബാജിയുടെ കണ്ഠത്തിലേക്ക് ഒരു അമ്പയച്ചു. ആ ബാണം മുരാരിബാജിയുടെ കണ്ഠം തകര്‍ത്തു കളഞ്ഞു. അദ്ദേഹം നിലംപതിച്ചു. അപ്പോഴേക്കും മുന്നൂറോളം മറാഠാ വീരന്മാര് ധരാശായിയായിക്കഴിഞ്ഞിരുന്നു. മറ്റുള്ളവര്‍ പെട്ടെന്ന് ബാജിയുടെ ശരീരം എടുത്ത് കോട്ടക്കകത്ത് പോയി.
മുരാരിബാജി പതിച്ചെങ്കിലും പുരന്ദര്‍ കോട്ട പതിച്ചില്ല. ശിരസറ്റിട്ടും കബന്ധം യുദ്ധം തുടര്‍ന്നു. അതായിരുന്നു ധ്യേയനിഷ്ഠ. ഒരാള്‍ പോകുമ്പോള്‍ മറ്റൊരാള്‍ ആ സ്ഥാനം ഏറ്റെടുക്കുന്നു. അങ്ങനെ ആഴ്ചകളും, പക്ഷങ്ങളും മാസങ്ങളും പിന്നിട്ടു. രണ്ടുമാസം കഴിഞ്ഞിട്ടും പുരന്ദര്‍ കോട്ട കീഴടങ്ങുന്ന ലക്ഷണം കാണുന്നില്ല.
മുരാരിബാജി കൊല്ലപ്പെട്ടു, മറ്റനേകം പേരും കൊല്ലപ്പെട്ടു. ഇനിയും പലരും കൊല്ലപ്പെടും. സ്വരാജ്യത്തിലെ ജനങ്ങള്‍ വ്യാകുലപ്പെട്ടുകൊണ്ടിരിക്കയാണ്. ഇതെല്ലാം കണ്ട് ശിവാജിരാജേയുടെ ഹൃദയം വേദനിച്ചു. അദ്ദേഹം ഭാവി പരിപാടികളെപ്പറ്റി നിരന്തരം ചിന്തിച്ചുകൊണ്ടിരിക്കയായിരുന്നു. അവസാനം അദ്ദേഹം ഒരു നിര്‍ണയത്തിലെത്തി. ഇങ്ങനെ ഒരു തീരുമാനത്തിലെത്താനുള്ള കാരണമെന്തെന്ന് ചരിത്രകാരന്മാര്ക്ക് ഊഹിക്കാന്‍ സാധിച്ചിട്ടില്ല.
ഒരിക്കല്‍ ശിവാജി രഘുനാഥപന്തിനെ വിളിച്ചു രാജാജയസിംഹന് ഒരു സന്ധിപത്രം കൊടുത്തയച്ചു. പത്രത്തിന്റെ ഉള്ളടക്കം ഇതായിരുന്നു-ഇനിമേല്‍ മുഗള്ബാദശാഹയോട് കൂറു പുലര്‍ത്തിക്കൊള്ളാം, ബീജാപ്പൂരുമായുള്ള യുദ്ധത്തില്‍ താങ്കളെ സഹായിക്കാം. യുദ്ധം നിര്‍ത്തിവയ്ക്കണം. മാതൃകാദാസനായ ജയസിംഹന് അതിനു മറുപടി അയച്ചു. ബാദശാഹയുടെ സേന ആകാശത്തിലെ നക്ഷത്രം പോലെ അസംഖ്യമാണ്. പ്രാണന് രക്ഷിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ബാദശാഹയുടെ മേല്‍ക്കോയ്മ അംഗീകരിക്കണം. എല്ലാ ദുര്‍ഗങ്ങളും പൂര്‍ണമായി സമര്‍പ്പിച്ച് ബാദശാഹയെ ശരണം പ്രാപിക്കണം. ഇതായിരുന്നു മറുപടി. ദിലേര്‍ഖാനും ഇതോടൊപ്പം ഒരു സന്ധിപത്രം ശിവാജി അയച്ചിട്ടുണ്ടായിരുന്നു. അത് കിട്ടിയ ദിലേര്ഖാന് ആശ്ചര്യചകിതനായി. പ്രതാപശാലിയായ ശിവാജി സന്ധിക്കായി യാചിക്കാന്‍ കാരണമെന്താണ്? എത്ര ചിന്തിച്ചിട്ടും മനസ്സിലായില്ല,
പ്രതികരിക്കാൻ ഇവിടെ എഴുതുക: