ഉണ്ണിക്കൃഷ്ണനെ സ്തുതിക്കുന്ന ഒരു ശ്ലോകം :
അഖിലഭുവനമുണ്ണീ,
വെണ്ണയുംപാലുമുണ്ണീ,
തരുണികള്മനമുണ്ണീ,
സര്വലോകര്ക്കുമുണ്ണീ,
പെരിയൊരഴലതുണ്ണീ,
പേമുലപ്പാലുമുണ്ണീ,
കരുതുവനഹമുണ്ണീ,
കാത്തുകൊള്കെന്നയുണ്ണീ.
(കുഞ്ചന്നമ്പ്യാര്)
അഖിലഭുവനമുണ്ണീ (ഈ ലോകം മുഴുവന്‍ അങ്ങ് വായിലാക്കിയില്ലേ പണ്ട് ? ‘മണ്ണുതിന്നില്ലാ’ എന്നുപറഞ്ഞ് യശോദയ്ക്ക് വായ് തുറന്നു കാട്ടിയപ്പോള്‍ വായില്‍ യശോദ മൂന്നുലോകങ്ങളും കണ്ടില്ലേ?). വെണ്ണയും പാലുമുണ്ണീ (വെണ്ണയും,
പാലുമെല്ലാം ആരും കാണാതെയും, എല്ലാവരും കണ്ടും യഥേഷ്ടം ‘ശാപ്പിടാറില്ലേ’?). തരുണികള്‍ മനമുണ്ണീ (യുവതികളായ ഗോപസ്ത്രീകളുടെ മനസ്സു കവര്‍ന്നില്ലേ?). സര്വലോകര്ക്കുമുണ്ണീ (ഈ ലോകത്തിലുള്ള എല്ലാവര്ക്കും അവിടുന്ന് ഉണ്ണിയല്ലേ? അതായത് ഉണ്ണിക്കൃഷ്ണനല്ലേ എന്നര്‍ത്ഥം). പെരിയൊരലഴതുണ്ണീ (വലിയ സങ്കടങ്ങളെ ഉണ്ണുന്നവനല്ലേ? സങ്കടങ്ങളെ തീര്ക്കുന്നവനല്ലേ എന്നു താത്പര്യം). പേമുലപ്പാലുമുണ്ണീ (പൂതന നല്കിയ വിഷം പുരട്ടിയ മുലപ്പാല്‍ ഉണ്ടില്ലേ?). കരുതുവനഹമുണ്ണീ (അല്ലയോ ഉണ്ണിക്കൃഷ്ണാ, അവിടുത്തെ ഞാന്‍ എന്നും സ്മരിച്ചുകൊള്ളാം). കാത്തുകൊള്കെന്നെയുണ്ണീ (ഉണ്ണീ, ഉണ്ണിക്കൃഷ്ണാ, അവിടുന്ന് എന്നെ രക്ഷിക്കണേ!).
കഠിനപദങ്ങളൊന്നുമില്ലാത്ത ലളിതമായ,അതേസമയം, അതിമനോഹരവുമായ ഒരു ശ്ലോകമാണിത്. കൊച്ചുകുട്ടികള്‍ക്ക് ചൊല്ലിക്കൊടുക്കാന്‍ വളരെ നല്ലതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: