വൈക്കം: ഇരുളടഞ്ഞ ജീവിതത്തെ ആത്മധൈര്യം കൊണ്ട് നേരിടുകയാണ് വൈക്കം ഉദയനാപുരം പുലിയന്തറ വിജയകുമാറും(42) കുടുംബവും. 2017 ഡിസംബര്‍ ആറിനായിരുന്നു ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട് വലിയ ദുരന്തം നടന്നത്. ചാലക്കുടി കെഎസ്ഇബിയുടെ കരാര്പണിക്കിടെ ടവര്‍ലൈനില്‍ നിന്നും വീണ് വിജയകുമാറിന്റെ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റു. കൈയ്യിലുള്ള പണവും സ്വത്തുക്കളും ചെലവഴിച്ച് ചികിത്സ നടത്തിയെങ്കിലും പ്രയോജനം ഉണ്ടായില്ല.
2018 പകുതി വരെ ചികിത്സ നടത്തിയെങ്കിലും സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് ചികിത്സ അവസാനിപ്പിച്ചു. നട്ടെല്ല് തകര്‍ന്ന് നടക്കാന്‍ കഴിയാതെ വീല്‍ച്ചെയറിലായെങ്കിലും പേപ്പര്‍ പേന നിര്‍മിച്ച് വിറ്റ് ജീവിതം മുന്നോട്ട് നയിക്കുകയാണ് വിജയകുമാറും കുടുംബവും. സംസ്ഥാനത്ത് കൊറോണ ആരംഭിച്ച മാര്‍ച്ച് മുതലാണ് വിജയകുമാര്‍ ഉപജീവനമാര്‍ഗമെന്ന നിലയില്‍ പേപ്പര്‍ പേന നിര്‍മിച്ച് തുടങ്ങിയത്. എട്ട് രൂപയ്ക്കാണ് പേന വില്‍ക്കുന്നത്. റീഫില്‍ മാത്രമാണ് പേനയുടെ പ്ലാസ്റ്റിക് ഭാഗം. ബാക്കി എല്ലാം കടലാസ് കൊണ്ട് നിര്‍മ്മിച്ചതാണ്.
ഒരോ പേനയിലും ഒന്നോ രണ്ടോ പച്ചക്കറി വിത്തുകള്‍ കൂടി വെച്ചിട്ടുണ്ട്. അതിനാല്‍ ഉപയോഗം കഴിഞ്ഞാലും പ്രകൃതിയില്‍ ഒരു കുഞ്ഞുതൈ കൂടി ഈ പേന വഴി ഉണ്ടാകുകയും ചെയ്യുമെന്ന് വിജയകുമാര്‍ പറയുന്നു. പരിസ്ഥിതിക്ക് വേണ്ട വലിയൊരു സന്ദേശവും നല്കുന്നു അദ്ദേഹം. ഭാര്യ രതിയും രണ്ട് മക്കളായ വൃന്ദയും വിധുവും അടങ്ങുന്നതാണ് വിജയകുമാറിന്റെ കുടുംബം. രതി തൊഴിലുറപ്പ് ജോലിയ്ക്ക് പോകുന്നതാണ് ഏകവരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: