തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയില്‍ ഇടത്പക്ഷ ചായ്വുള്ളവരെ നിയമിക്കണമെന്നാവശ്യപ്പെട്ടുള്ള ചെയര്‍മാനും സംവിധായകനുമായ കമലിന്റെ കത്ത് പുറത്ത്. സംസ്ഥാന സര്‍ക്കാര്‍ നടപടിക്കായി അയച്ച കത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പുറത്തുവിട്ടത്. ഇത് നിയമസഭയുടെ മേശപ്പുറത്ത് പ്രതിപക്ഷ നേതാവ് സമര്‍പ്പിച്ചിട്ടുണ്ട്.
യുവാക്കള്‍ക്ക് നിയമനം നല്‍കാതെ കണ്‍സള്‍ട്ടന്‍സികള്‍ക്കും കരാര്‍ ജീവനക്കാര്‍ക്കും ആണ് നിയമനം നല്‍കുന്നതെന്ന ഷാഫി പറമ്പിലിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് കരാര്‍ നിയമം സംബന്ധിച്ച ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ കത്ത് സഭയുടെ മേശപ്പുറത്ത് വെച്ചത്.
അക്കാദമിയിലെ ഫെസ്റ്റിവല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഷാജി എച്ച്., ഫെസ്റ്റിവല്‍ പ്രോഗ്രാം മാനേജര്‍ റിജോയ് കെ.ജെ., പ്രോഗ്രാം ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.പി. സജീഷ്, പ്രോഗ്രാം മാനേജര്‍ വിമല്‍ വി.പി. എന്നീ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് സംസ്കാരിക മന്ത്രി എ.കെ. ബാലനാണ് കമല്‍ കത്തയച്ചിരിക്കുന്നത്. എന്നാല്‍ ഇടതുപക്ഷ അനുഭാവികളും ഇടതുപക്ഷ പുരോഗമന മൂല്യങ്ങളിലും സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ നിലകൊള്ളുന്നവരുമായ ജിവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് കമലിന്റെ കത്തില്‍ എടുത്ത് പ്രതിപാദിച്ചത് വിവാദമായിട്ടുണ്ട്. സാംസ്കാരിക സ്ഥാപനങ്ങളില്‍ സമുന്നത സ്ഥാനമുള്ള ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്താന്‍ ഇടത് ചായ്വുള്ളവരെ നിയമിക്കണമെന്നാണ് ഇതില്‍ പറയുന്നത്.
അതേസമയം ചലച്ചിത്ര അക്കാദമി സിപിഎമ്മിന്റെ പോഷക സംഘടനയാക്കിമാറ്റി. ഇടത് ചായ്വുള്ള കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താനായി നീക്കം നടത്തുകയാണെന്നും രമേശ് ചെന്നിത്തല നിയമസഭയില്‍ ആരോപിച്ചു. എന്നാല്‍ ചലച്ചിത്ര അക്കാദമിയില്‍ ഇത്തരമൊരു സ്ഥിരപ്പെടുത്തല്‍ നടന്നിട്ടില്ല. നിയമനത്തിനുള്ള മാനദണ്ഡമല്ല ഇതെന്നും മുഖ്യമന്ത്രി ആരോപണത്തിന് മറുപടി നല്കി. കമലിന്റെ കത്ത് സാംസ്കാരിക സെക്രട്ടറിയോട് പരിശോധിക്കാന്‍ മാത്രമാണ് വകുപ്പ് മന്ത്രിയായ എ.കെ. ബാലന് കത്തില്‍ കുറിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: