കൊല്ലം: കൊല്ലം ബൈപ്പാസിലെ ടോള്‍ പിരിവിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കടന്നുവരുന്ന വാഹനങ്ങള്‍ തിരിച്ചറിയാനുള്ള സെന്‍സറുകള്‍ റോഡിലും ടോള്‍ പ്ലാസയുടെ സീലിംഗിലും സ്ഥാപിക്കുന്നത് രണ്ടുദിവസത്തിനകം പൂര്‍ത്തിയാകും. അത് കഴിഞ്ഞാലുടന്‍ ട്രയലുണ്ടാകും. ഇന്നോ നാളെയോ ട്രയല്‍ നടക്കാനാണ് സാധ്യത. ഇതിനൊപ്പം തന്നെ ടോള്‍ പിരിവ് ആരംഭിക്കുന്നത് സംബന്ധിച്ച വിവരം ജില്ലാ ഭരണകൂടം, പോലീസ് എന്നിവര്‍ക്ക് ദേശീയപാത അതോറിറ്റി കൈമാറും.
ടോള്‍ നിരക്ക് സംബന്ധിച്ച അറിയിപ്പുമുണ്ടാകും. തിങ്കള്‍മുതല്‍ ടോള്‍ പിരിവ് ആരംഭിക്കാനായിരുന്നു ആദ്യ തീരുമാനം. യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതിലുണ്ടായ കാലതാമസം കാരണമാണ് തീരുമാനം മാറ്റിയത്. ഉത്തരേന്ത്യന്‍ കമ്പനിയാണ് ടോള്‍ പിരിവിന്റെ കരാറുകാര്‍. ദേശീയപാത അതോറിറ്റി പ്രത്യേകം കരാര്‍ നല്‍കിയാണ് ടോള്‍ പിരിവിനുള്ള ഉപകരണങ്ങള്‍ സജ്ജമാക്കുന്നത്.
ടോള്‍ പിരിവിലൂടെ ദേശീയപാത അതോറിറ്റി പ്രതിവര്‍ഷം 11.52 കോടി വരുമാനമാണ് ലക്ഷ്യമിടുന്നത്. മൂന്ന് മാസത്തെ കാലാവധിയില്‍ ടോള്‍ പിരിവിനുള്ള കരാര്‍ പുതുക്കാനും ഉദ്ദേശിക്കുന്നു. 2019 ജനുവരിയിലാണ് ബൈപ്പാസ് ഉദ്ഘാടനം ചെയ്തത്. അപ്പോള്‍ തന്നെ ടോള്‍പ്ലാസയും സജ്ജമായിരുന്നു. പക്ഷെ ദേശീയപാത അതോറിറ്റി ടോള്‍ പിരിവ് സംബന്ധിച്ച് തീരുമാനം എടുത്തിരുന്നില്ല.
കഴിഞ്ഞ നവംബറിലാണ് ടോള്‍ പിരിവിനുള്ള ടെണ്ടര്‍ ദേശീയപാത അതോറിറ്റി ക്ഷണിച്ചത്. നൂറ് കോടി രൂപയ്ക്ക് മുകളില്‍ ചെലവാകുന്ന എല്ലാ റോഡ് നിര്‍മ്മാണങ്ങള്‍ക്കും ടോള്‍ ഏര്‍പ്പെടുത്തുന്നതാണ് കേന്ദ്ര നയം. 352 കോടിയാണ് കൊല്ലം ബൈപ്പാസിന്റെ ആകെ നിര്‍മ്മാണ ചെലവ്. ഇതിന്റെ പകുതി വഹിച്ചത് കേന്ദ്രമാണ്. ബാക്കി പകുതി തുക വഹിച്ചത് സംസ്ഥാന സര്‍ക്കാരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: