ചെന്നൈ: റിലീസിന് മുമ്പായി വിജയിന്റെ ബിഗ് ബജറ്റ് ചിത്രം മാസ്റ്ററിന്റെ ക്ലൈമാക്സ് സീനുകള്‍ ഉള്‍പ്പടെ സമൂഹ മാധ്യമങ്ങളില്‍. വിതരണക്കാര്‍ക്കായി നടത്തിയ ഷോയ്ക്കിടെയാണ് ചിത്രത്തിന്റെ രംഗങ്ങള്‍ ചോര്‍ന്നിരിക്കുന്നത്. വിഷയത്തില്‍ അടിയന്തിര നടപടികള്‍ തേടി നിര്‍മാണ കമ്പനി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.
നീണ്ട പത്ത് മാസത്തിന് ശേഷം സിനിമാ തിയേറ്ററുകള്‍ ബുധനാഴ്ച തുറക്കുമ്പോള്‍ മാസ്റ്റര്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങിയിരിക്കുകയായിരുന്നു. അതിനിടയിലാണ് ചിത്രത്തിന്റെ ഭാഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഒന്നര വര്‍ഷത്തോളം നീണ്ടുനിന്ന അധ്വാനമാണ് മാസ്റ്റര്‍ സിനിമ. അതിന്റെ അധ്വാനം ഇല്ലാതാക്കരുത്. സിനിമയുടെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കരുതെന്നും അണിയറ പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ സിനിമയുടെ ഭാഗങ്ങള്‍ പ്രചരിക്കുന്നത് തടയണം. അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്നാണ് നിര്‍മാണക്കമ്പനി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സോണി ഡിജിറ്റല്‍ സിനിമാസിലെ ജീവനക്കാരനാണ് സിനിമയുടെ ഭാഗങ്ങള്‍ ചോര്‍ത്തിയതെന്ന് നിര്‍മ്മാണ കമ്പനി ആരോപിച്ചു. ഇയാള്‍ക്കെതിരെ പരാതിയും നല്‍കിയിട്ടുണ്ട്. മാസ്റ്റര്‍ സിനിമയെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: