മറയൂര്‍: മൈക്കിള്‍ഗിരി സെന്റ് മൈക്കിള്‍സ് എല്‍പി സ്‌കൂളില്‍ നിന്നും കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും മോഷണം പോയി. ശനിയാഴ്ച രാത്രിയാണ് മോഷണം നടന്നിരിക്കുന്നത്. പ്രധാന അധ്യാപികയുടെ മുറിയില്‍ നിന്നും ഒരു കമ്പ്യൂട്ടര്‍ മോണിറ്ററും അലമാരയില്‍ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള ശില്‍പവും വിദ്യാര്‍ത്ഥികള്‍ക്കായുള്ള കമ്പ്യൂട്ടര്‍ മുറിയില്‍ നിന്നും ഒരു മോണിറ്ററും പ്രൊജക്ടറും അനുബന്ധ ഉപകരണങ്ങളുമാണ് മോഷണം പോയിരിക്കുന്നത്. വാതിലിന്റെ പൂട്ട് തകര്‍ത്താണ് അകത്ത് കടന്നിരിക്കുന്നത്.
മറയൂര്‍ പോലീസില്‍ പരാതി നല്‍കിയതനുസരിച്ച് എസ്ഐ എം. ഷമീറിന്റെ നേതൃത്വത്തിലുള്ള സംഘവും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡുമെത്തി പരിശോധന നടത്തി. പ്രതിക്കായുള്ള അന്വേഷണം ഊര്‍ജ്ജിതപെടുത്തിയിട്ടുള്ളതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
രണ്ടാഴ്ചക്ക് മുന്‍പും ഈ സ്‌കൂളിലും സ്‌കൂള്‍ വളപ്പില്‍ പ്രവര്‍ത്തിക്കുന്ന പോസ്റ്റ് ഓഫീസിലും മോഷണ ശ്രമം നടന്നിരുന്നു. സ്‌കൂള്‍ വളപ്പിലും സമീപ പ്രദേശങ്ങളിലും സാമൂഹിക വിരുദ്ധരുടെ ശല്യം അതിരൂക്ഷമാണെന്നും പോലീസ് പെട്രോളിംങ് ശക്തിപെടുത്തണമെന്നും സ്‌കൂള്‍ പ്രിന്‍സിപല്‍ സിസ്റ്റര്‍ ട്രീസ പോള്‍ പറഞ്ഞു. വെള്ളിയാഴ്ച സമീപത്തെ വീടുകളില്‍ നിന്നും ആടുകളും വാട്ടര്‍ പമ്പുകളും മോഷണം പോയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക