ന്യൂദല്‍ഹി :പുതുതായി കേന്ദ്രം നടപ്പാക്കിയ കാര്‍ഷികനിയമം മരവിപ്പിക്കാമോ എന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി ആരാഞ്ഞു. കേന്ദ്രം നടപ്പാക്കിയ മൂന്ന് കാര്‍ഷികനിയമങ്ങളുടെയും സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ തിങ്കളാഴ്ച വാദംകേള്‍ക്കുമ്പോഴാണ് സുപ്രീംകോടതി ഈ സംശയം ആരാഞ്ഞത്.
കര്‍ഷകരുമായി നടത്തിയ ചര്‍ച്ചകളുടെ കാര്യത്തിലും സുപ്രീംകോടതി ആശങ്ക അറിയിച്ചു. കാര്‍ഷികസമരം ഒത്തുതീര്‍ക്കാന്‍ കഴിയാത്തതിലും സങ്കടമുണ്ടെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അറിയിച്ചു. ഇക്കാര്യത്തില്‍ പരിഹാരം കാണാന്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കാമെന്ന നിര്‍ദേശവും സുപ്രീംകോടതി ഉന്നയിച്ചു. ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് നിര്‍ത്തിവെക്കാനും ആലോചിക്കുന്നതായി ചീഫ് ജസ്റ്റിസ് പറഞ്ഞു.
അതേ സമയം, കേന്ദ്രം വിവാദ കാര്‍ഷിക നിയമങ്ങള്‍ ഓരോരോ ഭാഗങ്ങളായി പരിശോധിച്ച് ചര്‍ച്ചചെയ്യാന്‍ ഒരുക്കമാണെന്ന് കേന്ദ്രത്തിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ പറഞ്ഞു. ‘കര്‍ഷകര്‍ മുന്ന് നിയമങ്ങള്‍ പിന്‍വലിക്കണമെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നതാണ് പ്രശ്‌നപരിഹാരം നീളാന്‍ കാരണമാകുന്നത്. ഇതിന് ഒരു പരിഹാരം വേണം. എട്ട് ഭേദഗതികള്‍ക്ക് ഞങ്ങള്‍ സമ്മതിച്ചു. ഇതിന്മേല്‍ അടുത്ത റൗണ്ടില്‍ വീണ്ടും ചര്‍ച്ച തുടരും,’ വേണുഗോപാല്‍ പറഞ്ഞു.
എങ്ങിനെയാണ് ഇത്രയും പ്രധാനപ്പെട്ട ഒരു നിയമം പാര്‍ലമെന്‍റില്‍ ശബ്ദവോട്ടോടെ പാസാക്കാനാകും എന്ന ചോദ്യമാണ് കര്‍ഷകര്‍ക്ക് വേണ്ടി ഹാജരായ ദുഷ്യന്ത് ദാവെ ചോദിച്ചത്. കേന്ദ്രം തയ്യാറാണെങ്കില്‍ പ്രശ്നം വീണ്ടും ചര്‍ച്ച ചെയ്യാന്‍ ഒരു സംയുക്ത പാര്‍ലമെന്‍ററി യോഗം വിളിച്ചുചേര്‍ക്കണഅദ്ദേഹം പറഞ്ഞു.
ഈ മൂന്ന് കാര്‍ഷികനിയമങ്ങളും മാറ്റിനിര്‍ത്താന്‍ കേന്ദ്രം തയ്യാറായില്ലെങ്കില്‍ സുപ്രീംകോടതി തന്നെ നിയമം നടപ്പാക്കുന്നതിന് സ്റ്റേ കൊണ്ടുവരാമെന്ന നിര്‍ദേശം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബോബ്‌ഡെ നിര്‍ദേശിച്ചു. പക്ഷെ അത് മൗലീകാവകാശങ്ങളുടെ ലംഘനമാവുമെന്നാണ് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ വാദിച്ചത്. നിയമം റദ്ദാക്കുക എന്നത് ആരും ഈ നിമിഷം ചര്‍ച്ചചെയ്തിട്ടില്ല. അത് കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കുമെന്നുമായിരുന്നു ഇതിന് ചീഫ് ജസ്റ്റിസിന്റെ മറുപടി. .:
പ്രതികരിക്കാൻ ഇവിടെ എഴുതുക: