വെമ്പായം: വെമ്പായം പഞ്ചായത്തിലെ വെട്ടുപാറ മുണ്ടന്കോണു നിവാസികള്‍ക്ക് യാത്രാദുരിതം തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. നടന്നു പോകാന്‍ പോലും നല്ലൊരു വഴിയില്ല. വര്‍ഷങ്ങളായി ഇവിടെയുള്ളവര്‍ ദുരിതത്തിലാണ്. നാട്ടുകാരുടെ ദുരിതം മാറി മാറി വരുന്ന ഭരണാധികാരികളോട് പറഞ്ഞിട്ടും യാതൊരു പരിഹാരവും ഉണ്ടായിട്ടില്ല.
അധികാരികളുടെ മൗനമാണ് ഈ ദുരിതത്തിന് കാരണമെന്നാണ് പ്രദേശവാസികള്‍ കുറ്റപ്പെടുത്തുന്നത്. നൂറോളം കുടുംബങ്ങളാണ് യാത്രാ ദുരിതം അനുഭവിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു നടവഴി മാത്രമായിരുന്നു. എന്നാല്‍ പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് പണം പിരിച്ചെടുത്ത് നടവഴി വലുതാക്കി. എന്നിട്ടും വഴി കോണ്‍ക്രീറ്റ് ചെയ്യുന്നതിനോ ടാര്‍ ഇടുന്നതിനോ ആരും തയ്യാറായില്ല. കിടപ്പുരോഗികളും അംഗപരിമിതരും ഉള്‍പ്പെടെയുള്ളവരാണ് ഈ ഭാഗത്ത് താമസിക്കുന്നത്. അടിയന്തര സാഹചര്യം ഉണ്ടായാല്‍ രോഗികളെ തോളില്‍ ചുമന്നു കൊണ്ടുപോകേണ്ട അവസ്ഥയാണ്. വാഹനം കടന്നുചെല്ലാന്‍ മറ്റ് വഴികളും ഇല്ല. അതിനാല്‍ എത്രയും വേഗം വഴി നിര്‍മിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
വഴി തുടങ്ങുന്ന ഭാഗത്ത് ഒരു തോടാണ്. ഇവിടെ ഒരു പാലമോ കോണ്‍ക്രീറ്റ് സ്ലാബോ ആദ്യം നിര്‍മിക്കണം. തുടര്‍ന്ന് കോണ്‍ക്രീറ്റോ ടാറോ ഇടുകയാണെങ്കില്‍ ആളുകള്‍ താമസിക്കുന്ന ഭാഗത്തേക്ക് വാഹനങ്ങള്‍ കൊണ്ടുപോകാന്‍ കഴിയും. കുട്ടികളും മുതിര്‍ന്നവരുമാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. താമസസ്ഥലത്ത് നിന്ന് ബസ് കയറുന്നതിനായി ഒരു കിലോമീറ്റര്‍ ദൂരം നടന്നു വേണം പോകാന്‍. രാവിലെ 9നുള്ള ബസില്‍ പോകാന്‍ മുതിര്‍ന്നവര്‍ 8ന് വീട്ടില്‍ നിന്നും നടക്കേണ്ട സ്ഥിതിയാണ്. കാല്‍നട പോലും കഴിയാത്ത അവസ്ഥയിലാണ്. ഇതിന് എത്രയും വേഗം പരിഹാരം ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
എസ്. ശരത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: