പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ വി.എസ്. അച്യുതാനന്ദന്റെ മണ്ഡലമായ മലമ്പുഴയില്‍ ഇനി ആര് എന്ന ചോദ്യം ഉയരുന്നു. വികസനം തൊട്ടുതീണ്ടാത്ത, സിപിഎമ്മിന്റെ കോട്ടയെന്ന് അവകാശപ്പെടുന്ന മലമ്പുഴയില്‍ മുന്നണി തര്‍ക്കവും രൂക്ഷം. അഞ്ചു പേരാണ് സ്ഥാനാര്‍ഥി കുപ്പായം ധരിച്ച് ഇറങ്ങിയിരിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ ഞെട്ടിച്ച് ബിജെപി രണ്ടാംസ്ഥാനത്ത് എത്തിയത് അവരെ ആശങ്കാകുലരാക്കുന്നു. 46,157 വോട്ടാണ് ബിജെപി സ്ഥാനാര്‍ത്ഥി സംസ്ഥാന ജന. സെക്രട്ടറി സി. കൃഷ്ണകുമാര്‍ നേടിയത്. കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്തായി.
1996ല്‍ മാരാരിക്കുളത്ത് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വിഎസ് മലമ്പുഴയിലേക്ക് കളം മാറ്റിയത്. വിഎസ് ഇത്തവണ സ്ഥാനാര്‍ത്ഥിയാവില്ലെന്ന് ഉറപ്പാണ്. അനാരോഗ്യം മൂലം വിഎസ് മണ്ഡലത്തിലെത്തിയിട്ട് ഒരു വര്‍ഷത്തോളമായി. അദ്ദേഹം പ്രതിപക്ഷനേതാവായതും മുഖ്യമന്ത്രിയായതും മലമ്പുഴയില്‍ നിന്നാണ്. മുമ്പ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുന്‍ സിഐടിയു ജില്ലാ സെക്രട്ടറിയും ഇപ്പോള്‍ കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് ഡയറക്ടറുമായ എ. പ്രഭാകരന്റെ പേര് ഇവിടെ ഉയര്‍ന്നിരുന്നു. ചുമരെഴുത്ത് വരെ ഉണ്ടായി. അവസാന നിമിഷത്തിലാണ് വിഎസ് സ്ഥാനാര്‍ത്ഥിയായത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉന്നതനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടും വെള്ളം കുടിച്ചതിനാല്‍ കരുത്തനായ പുതുമുഖത്തെ തേടുകയാണ് സിപിഎം. മുന്‍ എംപിമാരും സിപിഎം സംസ്ഥാന സമിതി അംഗങ്ങളുമായ എന്‍.എന്‍. കൃഷ്ണദാസ്, എം.ബി. രാജേഷ്, പുതുശ്ശേരി ഏരിയ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ്, ഡിവൈഎഫ്ഐ മുന്‍ ജില്ലാ സെക്രട്ടറിയും, മുന്‍ ജില്ലാ പഞ്ചായത്ത് അംഗവും എം.ബി. രാജേഷിന്റെ ഭാര്യാ സഹോദരനുമായ നിതിന്‍ കണിച്ചേരി, കോങ്ങാട് ഏരിയ സെക്രട്ടറി പി.എ. ഗോകുല്‍ദാസ് എന്നിവരുടെ പേരുകളാണ് ഇവിടേക്ക് ഉയര്‍ന്നിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഐയും സിപിഎമ്മും സീറ്റിനെ ചൊല്ലി ഏറ്റുമുട്ടലുണ്ടായ മണ്ഡലമാണിത്. മലമ്പുഴ ഗ്രാമപഞ്ചായത്തില്‍ സിപിഐയുടെ പ്രമുഖ ജില്ലാ നേതാവ് സിപിഎമ്മില്‍ ചേരുകയും തുടര്‍ന്ന് അവര്‍ക്ക് നല്‍കിയിരുന്ന സീറ്റ് കേരള കോണ്‍ഗ്രസ്-എമ്മിന് നല്കുകയുമുണ്ടായി. ഇതിനെ ചൊല്ലിയുള്ള അസ്വാരസ്യം നിലനില്ക്കുന്നു. ഇതിനിടയില്‍ എന്‍.എന്‍. കൃഷ്ണദാസ് മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം തുടങ്ങി.
സിപിഎമ്മിലെ വിഭാഗീയത ആളിക്കത്തിയ കാലത്ത് വിഎസിന്റെ ഏറ്റവും അടുത്ത അനുയായി ആയിരുന്നു കൃഷ്ണദാസ്. അതിനാല്‍ തന്നെ അന്ന് സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് അദ്ദേഹം ഒതുക്കപ്പെട്ടു. പിന്നീടാണ് പിണറായിയുടെ ആളായി മാറി സംസ്ഥാന സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതും 2016ല്‍ പാലക്കാട് നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാവുന്നതും. സിപിഎം ഗ്രൂപ്പിസത്തില്‍ കൃഷ്ണദാസിന്റെ കടുത്ത എതിരാളിയായിരുന്നു രാജേഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: