ആലപ്പുഴ: കഴിഞ്ഞ ബജറ്റുകളിലെല്ലാം പ്രഖ്യാപനങ്ങള്‍ നടത്തി കബളിപ്പിച്ച ഇടതു സര്‍ക്കാര്‍ അവസാന ബജറ്റിലെങ്കിലും കൈവിടില്ലെന്ന പ്രതീക്ഷയിലാണ് കയര്‍ മേഖല. കയര്‍ വകുപ്പിന്റെ ചുമതല ധനമന്ത്രിക്കായിട്ടും കാര്യക്ഷമമായി ഇടപെടാന്‍ കഴിഞ്ഞില്ലെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പരാതിപ്പെടുന്നു. ഘടകകക്ഷിയായ സിപിഐയ്ക്കും, എഐടിയുസിക്കും പലപ്പോഴും വകുപ്പ് മന്ത്രിക്കെതിരെ പരസ്യമായി സമരരംഗത്തിറങ്ങേണ്ടി വന്നു.
കൊട്ടിഘോഷിക്കലുകള്‍ ഏറെയുണ്ടെങ്കിലും വര്‍ഷാവര്‍ഷം പിന്നോട്ടുപോകുകയാണു സംസ്ഥാനത്തു കയര്‍ വ്യവസായം. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തുനിന്ന് കയറ്റുമതി ചെയ്തത് 9,88,996 ടണ്‍ ഉത്പന്നങ്ങള്‍ ഇതുവഴി 2,780 കോടിയുടെ വിറ്റുവരവാണുണ്ടായത്. 15 വര്‍ഷം മുന്‍പ് കയറ്റുമതിയുടെ 60 ശതമാനത്തിനുമുകളില്‍ സംസ്ഥാനത്തിന്റെ സംഭാവനയായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 30 ശതമാനത്തിനും താഴെയായി.
ആഭ്യന്തര ചകിരി ഉത്പാദനവും നാളികേര ഉത്പാദനത്തിലുണ്ടായ കുറവും തൊണ്ടുസംഭരണം കാര്യക്ഷമമാക്കാത്തതുമാണ് പ്രതിസന്ധിയാകുന്നത്. പല പദ്ധതികളും തൊണ്ടുസംഭരണത്തിനും ആഭ്യന്തര ചകിരി ഉത്പാദനത്തിനും നടപ്പാക്കിയെങ്കിലും ഒന്നും ലക്ഷ്യത്തിലേക്കെത്തിയില്ല. കേരളത്തിലേക്കു വേണ്ട ചകിരിയുടെ 75 ശതമാനത്തിനും ആശ്രയിക്കുന്നതു തമിഴ്നാടിനെയാണ്. ലഭ്യമായ തൊണ്ടിന്റെ കേവലം പത്തു ശതമാനം മാത്രമാണ് സംസ്ഥാനത്ത് ചകിരിയാക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഇതില്‍ വലിയമാറ്റം വരണമെങ്കില്‍ നാളികേര കൃഷി അഭിവൃദ്ധിപ്പെടണം.
ചകിരിമില്ലുകളുടെ എണ്ണം ഉയര്‍ന്നെങ്കിലും ഉത്ല്പാദനാവശ്യത്തിന് അവ മതിയാവുന്നില്ല. യന്ത്രവത്കരണം പൂര്‍ണതയിലെത്തിയിട്ടില്ല. ഇരുപത് ശതമാനം സംഘങ്ങള്‍ മാത്രമാണ് ലാഭത്തിലുള്ളത്. ചകിരി ഉത്പാദനത്തിനു കോടികള്‍ മുടക്കിയിട്ടും ഒന്നും ഫലപ്രദമായില്ല. ഇപ്പോഴും കിലോയ്ക്ക് 26-28 വരെയാണ് ചകിരിവില. വില നല്കാന് തയാറാകുമ്പോഴും ആവശ്യത്തിനു ചകിരി ലഭിക്കുന്നില്ലെന്നും പരാതികളേറെയാണ്. ഉത്പാദനത്തിന് അനുസരിച്ച് ആവശ്യമായ വിപണിയില്ലാത്തതാണ് വ്യവസായം നേരിടുന്ന മറ്റൊരു പ്രതിസന്ധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: