കൊല്ലം: കേരളത്തിലെ ഭൂരഹിതര്‍ക്ക് ഭൂമി നല്കാന് സര്‍ക്കാര്‍ തയാറാകണമെന്നും അതിനായി പുതിയ നിയമനിര്‍മാണത്തിലൂടെ പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ പിടിച്ചെടുക്കണമെന്നും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. തൃപ്പനയം ദേവീക്ഷേത്രത്തില്‍ നടന്ന ഭൂദാനയജ്ഞ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരുകള്‍ കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്ക് വേണ്ടിയാണ് നിലപാട് സ്വീകരിച്ചത്. തോട്ടങ്ങള്‍ വീണ്ടും കൈവശം വയ്ക്കാന്‍ സ്വകാര്യ മുതലാളികള്‍ക്ക് അവസരം നല്കുന്നു. ഇതിനായി സര്‍ക്കാര്‍ സ്വയം കേസുകള്‍ തോറ്റുകൊടുക്കുകയാണ്. ഇതു അനുവദിച്ചുകൂടാ. കേരളത്തില്‍ മൂന്നര ലക്ഷം പേര് ഭൂരഹിതരാണ്. ഇവരെ കണ്ടില്ലെന്ന് നടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. 15 ഏക്കറില്‍ കൂടുതല്‍ ഭൂമി ഒരാള്‍ക്ക് കൈവശം വയ്ക്കാന്‍ കഴിയില്ല. കൂടുതലുള്ള ഭൂമികള്‍ കണ്ടെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഭൂഅവകാശ സംരക്ഷണ സമിതി സംസ്ഥാന സംഘടന സെക്രട്ടറി എസ്. രാമനുണ്ണി ഭൂദാന സന്ദേശം നല്കി. സമിതി ജില്ലാ കണ്‍വീനറും തൃപ്പനയം ദേവീക്ഷേത്ര പ്രസിഡന്റുമായ സി.കെ. ചന്ദ്രബാബു അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ. ഷീലാകുമാരി, പനയം പഞ്ചായത്ത് അംഗങ്ങളായ ആര്. രതീഷ്, അനന്തകൃഷ്ണന്, ക്ഷേത്രം സെക്രട്ടറി എസ്. മുരളീധരന്‍പിള്ള, രമേശന് എന്നിവര്‍ സംസാരിച്ചു.
ഭൂരഹിതരായ മതിലില്‍ രമാ നിവാസില്‍ രമാദേവി, പനയം രജനീ ഭവനില്‍ പുഷ്പലത, പനയം കോയിപ്പുറത്ത് വടക്കതില്‍ വി. രമാദേവി, പെരിനാട് വടക്കേ പുത്തന്‍വീട്ടില്‍ സുപ്രഭ, മുണ്ടയ്ക്കല്‍ കനല് പുരയിടത്തില്‍ സന്തോഷ്കുമാര്‍, പനയം ജയാ ഭവനില്‍ ജയ, പനയം ശ്രീജിത്ത് ഭവനില്‍ ശോഭന തുടങ്ങിയവര്‍ക്കായി നാലു സെന്റ് ഭൂമി വീതമാണ് ദാനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: