കൊച്ചി: കര്‍ദ്ദിനാള്‍ ആലഞ്ചേരിയെ സീറോ മലബാര്‍ സഭാ തലവന്‍ എന്ന സ്ഥാനത്തു നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് എറണാകുളം അങ്കമാലി അല്മായ മുന്നേറ്റവും സഭാ സുതാര്യസമിതിയും രംഗത്ത്. വ്യാജപ്പട്ടയമുണ്ടാക്കി ഭൂമി വില്പന നടത്തിയ കര്‍ദിനാള്‍ ആലഞ്ചേരിയെ നീക്കണമെന്നാവശ്യപ്പെട്ട് സിനഡിന് അല്മായ മുന്നേറ്റം പരാതി നല്കി.
അല്മായ മുന്നേറ്റം കണ്‍വീനര്‍ ബിനു ജോണും പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജരാര്ദും ചേര്‍ന്നാണ് സിനഡ് സെക്രട്ടറി മാര്‍ ആന്റണി കരിയിലിന് പരാതി നല്‍കിയത്. വ്യാജ പട്ടയത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിട്ടും കര്‍ദ്ദിനാള്‍ ആലഞ്ചേരി ആധാരങ്ങള്‍ ഒപ്പിട്ടെന്നും പരാതിയില്‍ പറയുന്നു.
സീറോ മലബാര്‍ സഭ ഭൂമിയിടപാട് സംബന്ധിച്ച പരാതിയില്‍ കഴമ്പുള്ളതായും, വിശദ അന്വേഷണം വേണമെന്നും പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെയാണ് സഭാ സുതാര്യ സമിതി കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ രംഗത്തെത്തിയത്.
സഭാ സുതാര്യ സമിതി പുറത്തിറക്കിയ പത്രക്കുറിപ്പിന്റെ പൂര്‍ണരൂപം:
സീറോ മലബാര്‍ സഭയുടെ തലവനും കേരളത്തിലെ മെത്രാന് സമിതിയായ കെസിബിസി യുടെ പ്രസിഡന്റ് കൂടി ആയ കര്‍ദിനാള്‍ ആലഞ്ചേരി എറണാകുളം അതിരൂപതയുടെ ഭൂമി വില്പന നടത്താന്‍ വ്യാജ പട്ടയം ഉണ്ടാക്കിയതായി പോലീസ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നു. അതിനാല്‍ 16ക്രിമിനല്‍ കേസുകളില്‍ ഒന്നാം പ്രതിയായിട്ടുള്ള കര്‍ദിനാള്‍ ആലഞ്ചേരി മേജര്‍ ആര്‍ച്ചുബിഷപ്പ് സ്ഥാനവും കെസിബിസി പ്രസിഡന്റ് സ്ഥാനവും ഒഴിയണമെന്ന് സഭാ സുതാര്യ സമിതി ആവശ്യപ്പെട്ടു..
എറണാകുളം അതിരൂപത ഭൂമി വില്പനയില് നടന്നിട്ടുള്ള തട്ടിപ്പ്, ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന എന്നീ വിഷയങ്ങള്‍ കോടതിയില്‍ കൊണ്ട് വന്നതും ഈ വ്യാജപട്ടയം ഉപയോഗിച്ച് ഭൂമി വില്പന നടത്തിയതും ആദ്യമായി പൊതുസമൂഹത്തിന്റെ മുന്നില്‍ കൊണ്ട് വന്നത് സഭാ സുതാര്യസമിതി ആണ്.. സഭാ സുതാര്യസമിതി തുടക്കം കുറിച്ച ഈ സമരത്തിന് പൊതുസമൂഹത്തില്‍ കൂടുതല്‍ വിശ്വാസം ആര്‍ജിക്കാന്‍ ഈ റിപ്പോര്‍ട്ട് കാരണമായെന്നും സഭാ സുതാര്യസമിതി വിലയിരുത്തി.
ഇനിയും അധികാരത്തില്‍ കടിച്ചു തൂങ്ങാതെ മാന്യമായി രാജി വച്ചു മാറി നില്‍ക്കണമെന്നും ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള അന്നത്തെ ഫിനാന്‍സ് ഓഫിസര്‍ ഫാ.ജോഷി പുതുവക്ക് എതിരെയും സഭാ നിയമം അനുസരിച്ച് നടപടി വേണമെന്നും സഭാ സുതാര്യസമിതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: