ആലപ്പുഴ: ജില്ലയിലെ പക്ഷിപ്പനി, കൊവിഡ് നിയന്ത്രണ നടപടികള്‍ പരിശോധിക്കാനും ശുപാര്‍ശകള്‍ നല്കാനുമായി എത്തിയ കേന്ദ്രസംഘം സന്ദര്‍ശനം തുടരുന്നു.
പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ മൂന്നു മാസത്തേക്ക് കര്‍ശന ജാഗ്രത പാലിക്കണമെന്ന് സംഘം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. രോഗം സ്ഥിരീകരിച്ച നിശ്ചിത ഇടങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് ലാബിലേക്ക് അയയ്ക്കുന്നതിനുള്ള നടപടികള്‍ തുടരണമെന്നും കേന്ദ്ര സംഘം നിര്‍ദേശിച്ചു. പക്ഷികളെ കൊന്നു നശിപ്പിച്ച പ്രദേശം മൂന്നു മാസത്തേക്ക് 15 ദിവസം ഇടവിട്ട് അണുനശീകരണത്തിന് വിധേയമാക്കും. ഇതിനുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജിയര്‍ ഉദ്യോഗസ്ഥനില്‍ നിന്ന് ശേഖരിച്ചു.
കൊവിഡ് ടെസ്റ്റുകളുടെ സ്ഥിതി, കൊവിഡ് രോഗികളുമായി സമ്പര്‍ക്കമുണ്ടായവരെ പിന്തുടരുന്ന രീതി, വീടുകളിലെ നിരീക്ഷണം, കോവിഡ് ആശുപത്രികളിലെ സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ചും കേന്ദ്രസംഘം ചോദിച്ചറിഞ്ഞു. വിനോദസഞ്ചാരമേഖല തുറന്നുകൊടുക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. വിനോദസഞ്ചാരികള്‍, ടാക്സി ഡ്രൈവര്‍മാര്‍, ഓട്ടോഡ്രൈവര്‍മാര്‍ എന്നിങ്ങനെ കൊവിഡ് ബാധയ്ക്ക് സാധ്യതയുള്ള പലതരം ഗ്രൂപ്പുകള്‍ കണ്ടെത്തി അവരില്‍ ബോധവല്കരണവും ടെസ്റ്റുകളും നടത്തണമെന്നും നിര്‍ദേശിച്ചു.
കേന്ദ്ര ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി മിന്‍ഹാജ് ആലം, ന്യൂദല്‍ഹിയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ഡയറക്ടര്‍ ഡോ.എസ്.കെ. സിങ് എന്നിവരും കഴിഞ്ഞ ദിവസം ജില്ല സന്ദര്‍ശിച്ച കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ പബ്ലിക് ഹെല്‍ത്ത് സ്പെഷലിസ്റ്റ് ഡോ. രുചി ജയ്ന്‍, പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി സയന്റിസ്റ്റ് ഡോ. ശൈലേഷ് പവാര്‍, ദല്‍ഹി ആര്‍എംഎല്‍ ആശുപത്രി ഫിസിഷ്യന്‍ അനിത് ജിന്‍ഡാല്‍ എന്നിവരുമാണ് സംഘത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: