ആലപ്പുഴ: തനതു ഫണ്ടിന്റെ അപര്യാപ്തതയില്‍ വലഞ്ഞ് പഞ്ചായത്തുകള്‍, വികസന പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകുമെന്ന് ആശങ്ക. ഗ്രേഡ് നിര്‍ണയത്തില്‍ പിന്നാക്കാവസ്ഥയിലുള്ള പഞ്ചായത്തുകളാണ് പൊതുവികസനത്തിന് സാമ്പത്തികം കണ്ടെത്താനാകതെ നെട്ടോട്ടത്തിലാകുന്നത്. പിന്നാക്ക പഞ്ചായത്തില്‍ ലഭിക്കുന്ന നികുതിപ്പണം ജീവനക്കാരുടെ ശമ്പളത്തിനുപോലും തികയാറില്ല. വാര്‍ഡ് വികസനത്തിന് ഓരോ മെമ്പര്‍ക്കും അനുവദിക്കാറുള്ള ഫണ്ട് തുച്ഛം. സര്‍ക്കാര്‍ പ്ലാന്‍ ഫണ്ട് നല്‍കുന്നുണ്ടെങ്കിലും ഗ്രേഡ് മാനദണ്ഡം നോക്കാതെ എല്ലാ പഞ്ചായത്തിനും തുല്യമായാണ് നല്‍കുന്നത്.
അനുവദിക്കുന്ന പദ്ധതികള്‍ക്ക് മാത്രമാണ് പ്ലാന്‍ ഫണ്ട് ചെലവഴിക്കാന്‍ കഴിയുന്നത്. വകമാറ്റി ചെലവഴിച്ചാല്‍ ഭരണസമിതി ഉത്തരവാദിത്വം ഏല്‍ക്കേണ്ടി വരും. സര്‍ക്കാര്‍ അനുവദിക്കുന്ന പ്ലാന്‍ ഫണ്ടില്‍ അന്‍പതു ശതമാനത്തോളം അങ്കണവാടി കുട്ടികളുടെ പോഷകാഹാര സംബന്ധമായ ആവശ്യങ്ങള്‍ക്കാണ്. റോഡ്, തോട്, പൊതുസ്ഥാപനങ്ങള്‍ക്കുള്ള കെട്ടിടനിര്‍മാണം എന്നിവയ്ക്ക് നാമമാത്രമായ തുകയാണ് പിന്നാക്ക പഞ്ചായത്തുകള്‍ ഓരോ സാമ്പത്തിക വര്‍ഷവും അനുവദിക്കാറുള്ളത്.
സ്പെഷല്‍ ഗ്രേഡ്, എ-ഗ്രേഡ് പഞ്ചായത്തുകളിലെ ജീവനക്കാരുടെ ശമ്പളവും പൊതുവികസന പ്രവര്‍ത്തനവും കഴിഞ്ഞ് പ്രതിവര്‍ഷം ഒരുകോടി രൂപയ്ക്കു മുകളില്‍ മിച്ചം പിടിക്കാന്‍ സാധിക്കാറുണ്ട്. എന്നാല്‍, പിന്നാക്ക പഞ്ചായത്തുകളില്‍ തനതുഫണ്ടിന്റെ കുറവുമൂലം ജലസ്രോതസുകളുടെ ആഴംകൂട്ടല്‍, പഞ്ചായത്ത് റോഡുകളുടെ നവീകരണം, കരനെല്‍കൃഷി, ക്ഷീരമേഖലകള്‍, താറാവ്-കോഴി കര്‍ഷകരുടെ ഉന്നമനം എന്നിവയ്ക്ക് സാമ്പത്തിക സഹായം നല്കാന് കഴിയാറില്ല. പിന്നാക്ക പഞ്ചായത്തുകളില്‍ സര്‍ക്കാര്‍ പ്ലാന്‍ ഫണ്ട് കൂട്ടി നല്‍കണമെന്നും, ഗ്രാമീണ വികസനത്തിന് പ്രത്യേക ഫണ്ടുകള്‍ അനുവദിക്കണമെന്നുമാണ് ആവശ്യമുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: