പൂച്ചാക്കല്‍: ഇതരസംസ്ഥാനങ്ങളില്‍ കണ്ടുവരുന്ന ബന്ദി (ചെണ്ടുമല്ലി) പൂക്കള്‍ തൈക്കാട്ടുശേരി പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലും വസന്തം വിരിയിക്കുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന പൂക്കള്‍ വാങ്ങി ശീലിച്ച ഇവിടുത്തുകാര്‍ക്ക് ഇതൊരു കൗതുക കാഴ്ചയായിരുന്നു. തൈക്കാട്ടുശേരി പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡിലെ തൊഴില്‍ രഹിതരായ സ്ത്രീകള്‍ക്ക് വരുമാനം ലക്ഷ്യമിട്ടാണ് ബന്ദി കൃഷി തുടങ്ങിയത്.
ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി തരിശുഭൂമി കൃഷിയോഗ്യമാക്കിയാണ് ഈ നേട്ടം കൊയ്തത്. പഞ്ചായത്തംഗം വിമല്‍ രവീന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ വിളവെടുപ്പ് നാട്ടുകാര്‍ ആഘോഷമാക്കി. വാര്‍ഡിലെ ചൂരമന പ്രദേശത്ത് 50 സെന്റ് സ്ഥലം കൃഷിക്കായി ഒരുക്കിയെടുത്ത് പന്ത്രണ്ട് വനിതകള്‍ ചേര്‍ന്നാണ് പൂക്കൃഷി നടത്തുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് കൃഷിക്കായി പറന്പ് ഒരുക്കിയത്. ഉത്സവകാലമായതിനാല്‍ അമ്പലങ്ങളിലേക്കും പൂക്കടകളിലേക്കും പൂവിനു ആവശ്യം വര്‍ധിച്ചിട്ടുണ്ട്.
പുറം മാര്‍ക്കറ്റില്‍ 120 രൂപ വിലയുണ്ടെങ്കിലും ഇവിടെ 70-80 രൂപ നിരക്കിലാണ് വില്പന നടത്തുന്നത്. നാട്ടിന് പുറത്തെ പൂന്തോട്ടം കാണാന്‍ നിരവധി പേരും എത്തുന്നുണ്ട്. തരിശുഭൂമി നിറയെ പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്നത് കര്‍ഷകര്‍ക്ക് ഒരു പരീക്ഷണ വിജയമാണ്. വിളവെടുപ്പിന് കുടുംബശ്രീ എഡിഎസ് വൈസ് പ്രസിഡന്റ് മിനി രാധാകൃഷ്ണന്, അംബികാ രാജേന്ദ്രന്, മേരി ജോസഫ്, പ്രമീള ഷാജി, ശോഭന രാജേന്ദ്രന് തുടങ്ങിയവര്‍ നേതൃത്വം നല്കി. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പൂക്കള്‍ കൃഷി ചെയ്യുകയാണ് ഇവരുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: