ന്യൂദല്‍ഹി: കൊറോണയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം വിജയത്തിലേക്ക്. ജന ലക്ഷങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ വികസിപ്പിച്ച വാക്‌സിന്‍ ഈ മാസം 16 മുതല്‍ നല്‍കിത്തുടങ്ങാന്‍ ഉന്നതതല യോഗം തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊറോണ അവലോകന യോഗത്തിലാണ് അന്തിമ തീരുമാനമായത്. വാക്‌സിന്‍ പൂര്‍ണമായും സൗജന്യമാണ്. ഒരാള്‍ക്ക് രണ്ടു ഡോസാണ് നല്‍കുക. 14 ദിവസം കഴിഞ്ഞാണ് പ്രതിരോധശേഷി ലഭിച്ചു തുടങ്ങുക.
ക്യാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി തുടങ്ങിയവരും ഉന്നതതല ചര്‍ച്ചയില്‍ പങ്കെടുത്തു. വാക്‌സിന്‍ കുത്തിവയ്‌ക്കാനുള്ള അനുമതി ദേശീയ ഡ്രഗ്‌സ് കണ്‍ട്രോളറാണ് നല്‍കിയത്. ജനങ്ങളുടെ പങ്കാളിത്തത്തോടെയാകും വാക്‌സിനേഷന്‍. തെരഞ്ഞെടുപ്പ് മാതൃകയിലാണ് കുത്തിവയ്പ്. വാക്‌സിന്‍ വിതരണം ചെയ്യാന്‍ കൈക്കൊണ്ട സംവിധാനത്തെപ്പറ്റി യോഗത്തില്‍ പ്രധാനമന്ത്രിക്ക് വിശദീകരണം നല്‍കി. വാക്‌സിനേഷനായുള്ള സംസ്ഥാനങ്ങളുടെ തയാറെടുപ്പുകളും ചര്‍ച്ചയില്‍ വിലയിരുത്തി.
ആദ്യം മൂന്നു കോടിയോളം ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. അതിനു ശേഷം 50 വയസ്സുകഴിഞ്ഞവരും 50നു താഴെയുള്ള മറ്റു ഗുരുതര രോഗങ്ങള്‍ ഉള്ളവരുമായി 27 കോടി പേര്‍ക്കും. ആദ്യ ഘട്ടത്തില്‍ ഇങ്ങനെ 30 കോടി പേര്‍ക്ക് നല്‍കും. വാക്‌സിനേഷന്‍ പരിപാടി നിരീക്ഷിക്കാന്‍ കൊവിന്‍ ആപ്പ് ആകും ഉപയോഗിക്കുക. പൂനെ സെറം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഉത്പാദിപ്പിച്ച കൊവിഷീല്‍ഡ്, ഭാരത് ബയോടെക്കും ഐസിഎംആറും ചേര്‍ന്ന് നിര്‍മിച്ച കൊവാക്‌സിന്‍ എന്നിവ നല്‍കാനാണ് അനുമതി. സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) നിര്‍മിച്ച കൊവിഷീല്‍ഡ് പൂനെയില്‍നിന്ന് മറ്റിടങ്ങളിലേക്ക് 48 മണിക്കൂറിനുള്ളില്‍ കയറ്റി അയച്ചു തുടങ്ങും. വാക്‌സിനുകള്‍ മറ്റ് കേന്ദ്രങ്ങളിലേക്ക് അയയ്‌ക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ കൂടി പൂര്‍ത്തിയാക്കേണ്ടതുണ്ട്, എസ്‌ഐഐ സിഇഒ അദര്‍ പൂനാവാല അറിയിച്ചു.
ആദ്യത്തെ നൂറ് ദശലക്ഷം വാക്‌സിനുകള്‍ ഒന്നിന് 200 രൂപ നിരക്കിലാണ് കേന്ദ്രത്തിന് നല്‍കുക. വിപണിയില്‍ ഡോസൊന്നിന് 1000 രൂപയാണ് വില. ഓരോ മാസവും 50-60 ദശലക്ഷം ഡോസ് വാക്‌സിനുകളാകും ഉത്പാദിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി നാളെ ചര്‍ച്ച നടത്തും. വൈകിട്ട് നാലിന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ചര്‍ച്ച. വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു.
വാക്‌സിന്‍ നല്‍കാന്‍ വിപുലമായ ഒരുക്കങ്ങള്‍
ന്യൂദല്‍ഹി: കൊറോണ വാക്‌സിന്‍ നല്‍കാന്‍ വിപുലമായ ഒരുക്കങ്ങള്‍. വാക്‌സിന്റെ സ്‌റ്റോക്ക്, അവ സൂക്ഷിക്കേണ്ട താപനില, ഗുണഭോക്താക്കളെ കണ്ടെത്താനുള്ള സംവിധാനം എല്ലാം ഡിജിറ്റലാണ്. ഇതിനുള്ള ആപ്പ് സജ്ജം.
വാക്‌സിന്‍ കുത്തിവയ്പ് എടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണത്തിന് ഇത് സഹായിക്കും. 79 ലക്ഷം പേര്‍ ഇതിനകം കുത്തിവയ്പിന് രജിസ്റ്റര്‍ ചെയ്തു. 61,000 പ്രോഗ്രാം മാനേജര്‍മാരാണുള്ളത്. രണ്ടു ലക്ഷം വാക്‌സിേനറ്റര്‍മാരും 3.7 ലക്ഷം വാക്‌സിനേഷന്‍ ടീം അംഗങ്ങളുമുണ്ട്. ഡ്രൈ റണ്ണുകളുടെ വിശദാംശങ്ങളും യോഗത്തില്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
മകര സംക്രാന്തി, പൊങ്കല്‍, മാഘ ബിഘു തുടങ്ങിയ ഉത്സവങ്ങള്‍ വരുന്നതു കൂടി കണക്കിലെടുത്താണ് 16ന് തന്നെ വാക്‌സിനേഷന്‍ ആരംഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക