ജക്കാര്‍ത്ത : ജാവ കടലിടുക്കില്‍ തകര്‍ന്ന ഇന്‍ഡോനേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ രക്ഷാ പ്രവര്‍ത്തകര്‍ കണ്ടെടുത്തു. ഇന്ന് രാവിലെ രണ്ട് മൃതദേഹങ്ങളും കണ്ടെടുത്തിട്ടുണ്ട്. ജക്കാര്‍ത്ത തീരത്തുനിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. ലാന്‍സാങ് ദ്വീപിനും ലാകി ദ്വീപിനും ഇടയില്‍നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
62പേരുള്ള ഇന്‍ഡോനേഷ്യന്‍ വിമാനമായ ശ്രീവിജയ എയര്‍ലൈന്‍സ് ബോയിങ് വിമാനം 1000 അടി മുകളില്‍ നിന്നാണ് കാണാതായത്. സുകര്‍ണോ ഹട്ട അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫിന് തൊട്ടു പിന്നാലെ റഡാറില്‍നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. ജക്കാര്‍ത്തയില്‍നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമാവുകയും പിന്നീട് തകര്‍ന്നു വീഴുകയുമായിരുന്നു.
12 ജീവനക്കാരും ഏഴ് കുട്ടികളും ഉള്‍പ്പെടെ 62 പേരുള്ള വിമാനം തകര്‍ന്നുവീണതായി ഇന്‍ഡൊനീഷ്യന്‍ ഗതാഗതമന്ത്രി ബുഡി കാര്യ സുമദി സ്ഥിരീകരിച്ചു. അപകടത്തിന് പിന്നാലെ വിമാനത്താവളത്തിലും തുറമുഖത്തും രണ്ട് ക്രൈസിസ് സെന്ററുകള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. തകര്‍ന്നുവീണ വിമാനത്തിലെ യാത്രക്കാരുടെ ബന്ധുക്കള്‍ രണ്ട് കേന്ദ്രത്തിലും എത്തിച്ചേര്‍ന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി പത്ത് കപ്പലുകള്‍ നിയോഗിച്ചുകഴിഞ്ഞു.
അതേസമയം വിമാനം തകരാനുള്ള കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല. തൗസന്റ് ഐലന്‍ഡിന് സമീപത്തെ മത്സ്യത്തൊഴിലാളികള്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ജാവാ കടലിടുക്കില്‍ നിന്നും വിമാനത്തിന്റെ ബ്ലാക്ക്ബോക്സ് സിഗ്നലുകള്‍ ലഭിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: