മറയൂര്‍: ഒറ്റയാന്റെ ആക്രമണത്തില്‍ വനംവകുപ്പിലെ താല്‍ക്കാലിക ജീവനക്കാരിയായ യുവതിക്ക് പരുക്ക്. കൂടെയുണ്ടായിരുന്ന മറ്റൊരു യുവതി ഓടി രക്ഷപ്പെട്ടു.
ചമ്പക്കാട് വനവാസി കുടിയിലെ പാപ്പാത്തി(40) യാണ് തലയ്ക്ക് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ഉമ(35) ഓടി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് ചമ്പകാട്ടില്‍ നിന്ന് ചിന്നാറിലെ അമിനിറ്റി സെന്ററിലേക്ക് റോഡിലൂടെ നടക്കവെ ആണ് സംഭവം.
പാഞ്ഞെത്തിയ ഒറ്റയാനെ കണ്ട് പാപ്പാത്തി റോഡില്‍ നിന്ന് കാടിനകത്തേക്ക് ഓടി. ഉമ റോഡിലൂടെ ഓടുകയും ചെയ്തു. പാപ്പാത്തിക്ക് നേരെ പാഞ്ഞെത്തിയ ഒറ്റയാന് തുമ്പിക്കൈകൊണ്ട് തട്ടി താഴെയിടുകയായിരുന്നു. തുടര്‍ന്ന് ഒറ്റയാന് ദിശമാറി മടങ്ങി. ഉമ ഈ വഴിയിലൂടെ വന്ന വാഹനത്തിലുള്ളവരോട് ചിന്നാറിലെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കാന്‍ ആവശ്യപ്പെട്ടു. പിന്നാലെ ഉദ്യോഗസ്ഥരെത്തിയാണ് ചതുപ്പില്‍ കുടുങ്ങി കിടന്ന പാപ്പാത്തിയെ മറയൂര്‍ സിഎച്ച്സിയില് എത്തിച്ചത്. ഇവിടെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
വാഹന സൗകര്യം ഒരുക്കണം
ചിന്നാറില്‍ ജോലിക്കെത്തുന്നവരുടെ സുരക്ഷയ്ക്കായി വനം വകുപ്പ് വാഹനം വിട്ടുനല്‍കണമെന്ന് കുടി നിവാസികള്‍. ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ ചമ്പക്കാട് വനവാസി കുടിയില്‍ നിന്നും ട്രക്കറായും മറ്റ് ജോലികള്‍ക്കുമായി ഒട്ടേറെ പേരാണെത്തുന്നത്.
ഇതില്‍ യുവാക്കള്‍ ഭൂരിഭാഗം പേരും ഇരുചക്രവാഹനങ്ങളിലാണ് ജോലിക്ക് എത്തുന്നത.് എന്നാല്‍ സ്ത്രീകള്‍ എത്തുന്നത് കുടിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ വനപാതയിലൂടെയും പിന്നീട് മൂന്ന് കിലോമീറ്റര്‍ അന്തര്‍സംസ്ഥാന പാതയിലൂടെ നടന്നുമാണ്. കോവിഡിന് മുന്‍പുവരെ ബസില്‍ യാത്ര ചെയ്താണ് ജോലിക്ക് എത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ബസ് സൗകര്യമില്ലാത്തതിനാല്‍ കാല്‍നടയായിട്ടാണ് എത്തുന്നത്.
ഇതാണ് വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ പെടാന്‍ കാരണമാകുന്നത്. ഇതിനാല്‍ ജോലിസമയത്ത് കയറ്റി കൊണ്ടുപോകാനും തിരികെ വിടാനും വനംവകുപ്പ് വാഹനം വിട്ടു നല്‍കണമെന്നതാണ് ചമ്പക്കാട് കുടി നിവാസികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: