സുന്ദരവിഡ്ഢികള് അഴിഞ്ഞാടുന്ന കേന്ദ്രമാവുകയാണ് പിണറായി വിജയന്റെ പാര്‍ട്ടി. തോന്നുന്നതെല്ലാം പറയുകയും ചെയ്യുകയും ചെയ്തിട്ട് തോന്നിയപടി ന്യായീകരിക്കുന്ന ഒരുതരം വല്ലാത്ത ഉളുപ്പില്ലായ്മ സ്വന്തമാക്കിവെച്ച് അഭിമാനിക്കുന്നവരാണ് വിജയനടക്കം ഏറിയകൂറും. മിണ്ടിയാല്‍ മണ്ടത്തരമേ വീഴൂ. എന്നിട്ടും ഭാവം ആകാശത്തിന് കീഴിലുള്ളതെല്ലാം അറിയാമെന്നും. അതാണെങ്കില്‍ ആര്‍ക്കും മനസ്സിലാകാത്ത ഭാഷയില്‍ വലിച്ചുനീട്ടി പറയുന്നതാണ് ഹരം. അതിനാണ് പോലും മാര്‍ക്സിസ്റ്റ് ഇന്റലക്ച്വലിസം എന്ന് പറയുന്നത്.
നിയമസഭാസ്പീക്കറും പണ്ഡിതനുമായ സര്‍വോപരി ജനാധിപത്യത്തിലെ സ്വയംപ്രഖ്യാപിത മര്യാദാരാമനുമായ ശ്രീരാമകൃഷ്ണനാണ് ഒടുവില്‍ പുറത്തുചാടിയ പുലി. ആളൊരു സ്വപ്നസുന്ദരനായതുകൊണ്ട് ആകര്‍ഷണം കൂടും. അത്തരം ആകര്‍ഷണങ്ങള്‍ക്ക് പിന്നാലെയാണ് കസ്റ്റംസ് സ്പീക്കറെ തേടിയെത്തിയത്.
ശ്രീരാമകൃഷ്ണന് മുന്നേ അദ്ദേഹത്തിന്റെ കാര്യസ്ഥനെ ഒന്ന് കണ്ടാല്‍ കൊള്ളാമായിരുന്നു എന്ന് കസ്റ്റംസിന് ആഗ്രഹം. കാര്യസ്ഥന്റെ പേരും തമ്പ്രാന്റേത് പോലെ ആകര്‍ഷണീയമാണ്. അയ്യപ്പന്. പക്ഷേ ശ്രീരാമകൃഷ്ണന് അമ്പിനും വില്ലിനും അടുത്തില്ല. താനുമില്ല, തന്റെ അയ്യപ്പനുമില്ലെന്നായി സ്പീക്കര്‍. ചോദിച്ചാല്‍ കൈരേഖയടക്കം സകല രേഖകളും അതിനെതിരാണെന്നാണ് വാദം. ചട്ടം അനുവദിക്കുന്നില്ലത്രെ. ആനയ്ക്കുള്ള ചട്ടമുണ്ടോ ആനപ്പിണ്ടത്തിന് എന്ന് ലോക്കല്‍ ചോദ്യങ്ങള്‍ക്കും ഭരണഘടനാപടുവിന് മറുപടിയുണ്ട്. തന്റെ ടെറിട്ടറിയില്‍ കയറുന്നവരെല്ലാം എംഎല്‍എമാരുടെ പവറുള്ളവരാണെന്നാണ് പിണറായി വിജയന് പഠിക്കുന്ന ശ്രീരാമകൃഷ്ണന് പറയുന്നത്. ചട്ടം പറയേണ്ടവര്‍ പറഞ്ഞപ്പോള്‍ ശ്രീരാമകൃഷ്ണന്റെ ശ്രീ പോയി. നാല്പത് കൊല്ലമായി പൊതുപ്രവര്‍ത്തനത്തിലുള്ള താന്‍ ഒരു തെറ്റും ചെയ്യാത്തവനാണെന്ന് മാധ്യമക്കൂട്ടിലിരുന്ന് കുമ്പസാരിച്ചു. മാണിവധം ബാലെയുടെ കാലത്ത് നിയമസഭയ്ക്കകത്ത് കന്നംതിരിവ് കാട്ടിയവനെയൊക്കെത്തന്നെ ചട്ടം പറയാനും പഠിപ്പിക്കാനും തെരഞ്ഞെടുത്തതാണ് നമ്പര്‍ വണ്‍ കേരളത്തിന്റെ മൊഞ്ച്… ഇപ്പോള്‍ രാഷ്ട്രപതിയെയും ഗവര്‍ണറെയുമൊക്കെ ചട്ടം പറഞ്ഞ് പഠിപ്പിക്കാനുള്ള ആസക്തിയിലാണ് ബഹുമാനപ്പെട്ട സ്പീക്കറദ്ദേഹം.
അമേരിക്കയിലെ കാപ്പിറ്റോളില്‍ ട്രംപിന്റെ പിള്ളേര് ജനാധിപത്യം തകര്‍ക്കുന്നതിന്റെ നാണക്കേടും പേറി രാവിലെ ഉറക്കമുണര്ന്നയാളാണ് സഭാനാഥന്. ഇങ്ങനെയൊക്കെയാണ് പോക്കെങ്കില്‍ അമേരിക്കന്‍ ജനാധിപത്യം എവിടെപ്പോയി നില്ക്കും എന്ന് ആശങ്കിച്ചാണ് പ്രാതല്‍ കഴിച്ചത്. ചിറ്റപ്പന് ജയരാജനും ശിവന്‍കുട്ടിയും താനും ജമീലാഇബ്രാഹിമും ഒക്കെക്കൂടി കേരളനിയമസഭയുടെ സംസ്കാരവും ജനാധിപത്യവും സ്പീക്കറോടുള്ള ആദരവും കാത്തുരക്ഷിക്കാന്‍ നടത്തിയ വിപ്ലവകരമായ ചവിട്ടുനാടകങ്ങള്‍ ട്രംപിന്റെ ആളുകള്‍ കണ്ടിട്ടുണ്ടാവില്ല. ഉണ്ടായിരുന്നെങ്കില്‍ ജോ ബൈഡനെതിരെ ഇമ്മാതിരി കോപ്രായത്തിന് ഒരുമ്പെടുമായിരുന്നില്ല എന്ന് ശ്രീരാമകൃഷ്ണന് ഉറപ്പുണ്ട്.
തന്നെപ്പോലെ ഉന്നതമായ ജനാധിപത്യബോധം പുലര്‍ത്തുന്ന ഒരാളുടെ ഇത്തരം പശ്ചാത്തലം ഓര്‍ക്കാതെയുള്ള നടപടികള്‍ പ്രബുദ്ധകേരളം ചോദ്യം ചെയ്യുമെന്ന ആത്മവിശ്വാസത്തിലാണ് ശ്രീരാമകൃഷ്ണന്. കേരളം നമ്പര്‍ വണ്‍ ആണെന്ന് അറിയാത്തതുകൊണ്ടാണ് കേന്ദ്ര ഏജന്‍സികള്‍ ഇവിടെ കിടന്ന് കറങ്ങുന്നത്. ഹവാലയെക്കുറിച്ച് മാത്രമേ അവര്‍ കേട്ടിട്ടുള്ളൂ… റിവേഴ്സ് ഹവാലയെക്കുറിച്ചൊക്കെ കേള്‍ക്കണമെങ്കില്‍ ഇങ്ങന് നമ്പര്‍ വണ്‍ കേരളത്തിലേക്ക് വരണം. പുരോഗതി എന്താണെന്ന് മനസ്സിലാക്കണം. ഡോളര്‍ വരെ കയറ്റി അയയ്ക്കാനുള്ളത്ര ത്രാണി നേടിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് അറിയാത്തവരാണ് സഭാനാഥനെതിരെ വിരല്‍ ചൂണ്ടുന്നത്.
ലോകം ചിന്തിക്കുന്നത് പോലെ ചിന്തിക്കുന്നതിന് പാര്‍ട്ടി തയ്യാറല്ല. ചിന്തിക്കാനായി സഭാനാഥനടക്കം ചില ആളുകളെ പാര്‍ട്ടി ചുമതലപ്പെടുത്തും. അവര്‍ ചിന്തിക്കും. അവരേ ചിന്തിക്കാവൂ. ആ ചിന്തകളൊക്കെ വെള്ളം തൊടാതെ വിഴുങ്ങിക്കോണം. അത് പല പരുവത്തിലുണ്ട്. പ്രാന്തവല്‍കൃതവും പ്രശ്നവല്‍കൃതവുമായ ആഗോള മുതലാളിത്ത, സാമ്രാജ്യത്ത വിരുദ്ധമായ നെടുനെടുങ്കന്‍ ലേഖനങ്ങള്‍ മുതല്‍ ശുംഭന്, നികൃഷ്ടജീവി തുടങ്ങിയ ലൊട്ടുലൊടുക്ക് കാപ്സ്യൂളുകള്‍ വരെ പലതാണ് പരുവം. എന്തിനും കിട്ടും പാര്‍ട്ടി വക വ്യാഖ്യാനം. ന്യായീകരണം എന്ന് മറ്റുള്ളവര്‍ പരിഹസിക്കുന്നത് പലതും ഇത്തരം ഗാഢമായ ചിന്തയില്‍ നിന്ന് ഉരുത്തിരിയുന്നതാണ്.
ഗെയ്ല് പൈപ്പ് ലൈനുമായി ബന്ധപ്പെട്ട വിജയന്റെ എട്ടുകാലി മമ്മൂഞ്ഞിസം വിവാദമായപ്പോള്‍ പാര്‍ട്ടിപത്രം നടത്തിയ ഗോബാക്ക് വിശദീകരണം ക്ലാസ് ഉദാഹരണമാണ്. സഭാനാഥന് മാത്രമല്ല, പത്രത്തിനുമറിയാം ചട്ടമെന്ന് സാരം. ഗെയ്ലിന് ഗോബാക്ക് വിളിച്ചതിനര്ത്ഥം നഷ്ടപരിഹാരം വേണമെന്നായിരുന്നുവത്രെ…. കോവിഡ് വൈറസ് ആഗോള മുതലാളിത്തത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമാണെന്ന് വ്യാഖ്യാനിച്ച മുതലുകളാണ്. ഇതും ഇതിനപ്പുറവും പ്രതീക്ഷിക്കണം.
അപ്പോള്‍ പിന്നെ ഗോള്‍ഡ് കടത്തിയാലും ഡോളര്‍ കടത്തിയാലും അതൊക്കെ നമ്പര്‍ വണ്‍ കേരളത്തിന്റെ പുരോഗതിക്ക് അടയാളമാണെന്ന് കരുതണം. എന്‍ഐഎയും എന്‍സിബിയും ഇഡിയും സിബിഐയും കസ്റ്റംസുമൊക്കെക്കൂടി വളഞ്ഞിട്ട് പൂട്ടാന്‍ നോക്കിയാലും ഒന്നും കിട്ടില്ല. സിഎം പിണറായിയുടെ സി.എം രവീന്ദ്രന് കോവിഡും കോവിഡാനന്തര രോഗവുമാണ് കൂട്ടെങ്കില്‍ സ്വപ്നസുന്ദരന്റെ സ്വന്തം അയ്യപ്പന് ചട്ടം ആയുധമാക്കാനായിരുന്നു പദ്ധതി. സഭാനാഥന്റെ കോമ്പൗണ്ടില്‍ കടന്നാല്‍ ആര്‍ക്കും എംഎല്‍എ ആകാവുന്ന പ്രത്യേകതരം ജനാധിപത്യമാണ് കേരളത്തിലേതെന്ന് കസ്റ്റംസും കസ്റ്റമേഴ്സുമറിയണമെന്നായിരുന്നു പണ്ഡിതന്റെ വാദം.
കാര്യങ്ങള്‍ അറിഞ്ഞിരുന്നാല്‍ എല്ലാവര്ക്കും നല്ലതെന്ന് സാരം. അല്ലെങ്കില്‍ ചട്ടം പഠിക്കേണ്ടിവരും. ഇനിയിപ്പം കണ്ണൂരിലെ സഖാവിന് സിബിഐ കുരുക്കില്‍ നിന്നൂരാന്‍ പറ്റിയ ചട്ടമെന്തെങ്കിലും പരതണം. എത്രയാന്ന് വെച്ചാ നെഞ്ച് വേദനയെ ശരണം പ്രാപിക്കുന്നത്. കേസില്‍ നിന്ന് ഊരാനല്ലെങ്കില് ഇപ്പറഞ്ഞ ചട്ടമൊക്കെ എന്തിനെന്ന് ചോദിക്കാനും മടിക്കില്ല ഈ സുന്ദരവിഡ്ഢികളെന്ന് സാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: