ഭോപാല്‍: സംസ്ഥാനസര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചതോടെ ലവ് ജിഹാദ് നിയമം മധ്യപ്രദേശില്‍ ശനിയാഴ്ച നിലവില്‍ വന്നു. ഫ്രീഡം ഓഫ് റിലീജ്യന്‍ ഓര്‍ഡിനന്‍സ് 2020 (മതസ്വാതന്ത്ര്യത്തിനുള്ള ഓര്‍ഡിനന്‍സ്) എന്ന പേരിലാണ് നിയമം കൊണ്ടുവന്നിരിക്കുന്നത്.
രണ്ടാഴ്ച മുമ്പ് മന്ത്രിസഭായോഗം ഇത് സംബന്ധിച്ച് തീരുമാനമെടുത്തതിന് പിന്നാലെയാണ് പുതിയ ഓര്‍ഡിനന്‍സ് നിലവില്‍ വന്നത്. മധ്യപ്രദേശ് നിയമസഭയില്‍ അവതരിപ്പിച്ച് ഓര്‍ഡിനന്‍സ് പാസാക്കാനായിരുന്നു തീരുമാനമെങ്കിലും, നിയമസഭ അവധിയായതിനാല്‍ ഗവര്‍ണര്‍ തന്നെ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുകയായിരുന്നു.
പുതിയ നിയമമനുസരിച്ച് പ്രായപൂര്‍ത്തിയാകാത്ത ഒരാളെയോ, സ്ത്രീയെയോ പിന്നോക്ക ജാതി-പിന്നോക്ക വിഭാഗത്തില്‍പെട്ട ഒരാളെയോ ബലംപ്രയോഗിച്ച് മതപരിവര്‍ത്തനം ചെയ്യുന്നത് രണ്ട് വര്‍ഷം മുതല്‍ 10 വര്‍ഷം വരെ തടവും 50,000 രൂപ വരെ പിഴയും ലഭിക്കുന്ന കുറ്റമാണ്. മതം മാറ്റുക എന്ന ലക്ഷ്യത്തോടെ ഒരാളെ ജീവിതപങ്കാളിയാക്കുന്നത് പുതിയ നിയമമനുസരിച്ച് അസാധുവാകും. ബലംപ്രയോഗിച്ച് മതം മാറ്റിയാല്‍ 1 മുതല്‍ 5 വര്‍ഷം വരെ തടവും 25,000 രൂപ വരെ പിഴയും ലഭിക്കും.
പുതിയ നിയമമനുസരിച്ച് ഇനി മധ്യപ്രദേശില്‍ ഒരാളെയും നിര്‍ബന്ധിച്ചോ മറ്റേതെങ്കിലും തട്ടിപ്പിലൂടെയോ ഇനി മതം മാറ്റാന്‍ കഴിയില്ലെന്ന് മധ്യപ്രദേശിലെ ഒരു ഉദ്യോഗസ്ഥന് പ്രതികരിച്ചു. ഒരാളെ ബലംപ്രോയഗിച്ചോ, ഭീഷണിപ്പെടുത്തിയോ ഏതെങ്കിലും കുത്സിത മാര്‍ഗ്ഗത്തിലൂടെ മതം മാറ്റിയാല്‍ പ്രോസിക്യൂട്ട് ചെയ്യാനും പുതിയ നിയമം അനുവദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: