അരൂര്‍: ജനങ്ങള്‍ പ്രളയ സമാനമായ വെള്ളക്കെട്ടില്‍ പൊറുതിമുട്ടുന്നു, ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കണമെന്ന ആവശ്യം ശക്തമാകുന്നു. കടുത്ത ഓരു വെള്ളത്തില്‍ മുങ്ങി താഴുന്ന പ്രദേശത്തെ രക്ഷിക്കാന്‍ മാര്‍ഗ്ഗമെന്തെന്ന് അറിയാതെ ഇരുട്ടില്‍ തപ്പുകയാണ് ത്രിതല പഞ്ചായത്ത് അധികാരികളും ജനപ്രതിനിധികളും. വര്‍ഷം തോറും ഉണ്ടാകുന്ന ഈ വെള്ളകെടുതി പരിഹരിക്കാന്‍ ശാസ്ത്രീയമായ പഠനങ്ങളൊ പരിഹാരമോ ഉണ്ടാക്കാന്‍ ഗ്രാമപഞ്ചായത്തുകള്‍ക്കു് കഴിഞ്ഞിട്ടില്ല.
ഈ വിഷയങ്ങള്‍ രാഷ്ടീയമായി ഇടപെട്ടു സര്‍ക്കാരിന് മുന്നില്‍ ബോധ്യപ്പെടുത്താനും പരിഹാരം കാണുവാനും കഴിയാത്തതിനാലാണ് ഏതാനും വര്‍ഷങ്ങളായി ജനങ്ങള്‍ വെള്ളക്കടുതിയില്‍ പെടുന്നത്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ നേരിടുന്ന വെള്ളപൊക്കത്തിന് സമാനമായ കെടുതിയാണ് പ്രദേശത്ത്. പുരയിടങ്ങളിലേക്ക് ഒഴുകി എത്തുന്ന ഓരുവെള്ളം പരമ്പരാഗത ശുദ്ധജലമാര്‍ഗ്ഗങ്ങള്‍ മലിനമാക്കുകയും, പ്രദേശത്തെ പച്ചപ്പുകള്‍ കരിഞ്ഞ് ഉണങ്ങുകയും ശുചി മുറി മാലിന്യങ്ങള്‍ ഉള്‍പ്പെടെ അടുക്കളയില്‍ വരെ ഒഴുകി എത്തുന്ന സ്ഥിതിയാണ്.
പ്രദേശത്ത് ത്വക്ക് രോഗങ്ങളും ജലജന്യരോഗങ്ങളും പടരുന്ന സാഹചര്യത്തിലാണ് പൊതുജനം ക്യാമ്പുകളിലേക്ക് പോകാന്‍ തയ്യാറാകുന്നത്. എക്കല്‍ നിറഞ്ഞ് കായലുകള്‍ ചുരുങ്ങിയതും അനധികൃതമായ കായല്‍ കൈയ്യേറ്റവും ജലനിരപ്പ് ഉയരാന്‍ കാരണമായിട്ടുണ്ട്. നീരൊഴുക്കുള്ള പൊതുതോടുകള്‍ കല്‍ക്കട്ട് നിര്‍മ്മിച്ച് സംരക്ഷിക്കുകയും. താഴ്ന്ന പ്രദേശങ്ങള്‍ മണ്ണിട്ട് ഉയര്‍ത്തുകയും തീരദേശ റോഡ് നിര്‍മ്മാണം പ്രാവര്‍ത്തികമാക്കാനുള്ള പദ്ധതികള്‍ നടപ്പാക്കിയാല്‍ മാത്രമെ ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ കഴിയണം എന്നുള്ളതുമാണ് പ്രദേശവാസികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: