ന്യൂദല്‍ഹി: കശ്മീര്‍ വിഷയം യുഎന്‍ രക്ഷാ സമിതിയില്‍ ഉന്നയിക്കാനുള്ള ചൈനീസ് നീക്കം പലപ്പോഴും തങ്ങള്‍ തടഞ്ഞിരുന്നുവെന്ന് ഫ്രാന്‍സ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ നയതന്ത്ര ഉപദേശകന് ഇമ്മാനുവല്‍ ബോണ്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള തന്ത്രപരമായ ചര്‍ച്ചകള്‍ക്കും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ കണ്ട് ചര്‍ച്ച നടത്താനും എത്തിയതാണ് ബോണ്‍.
ഇന്ത്യക്ക് ഭീഷണിയുള്ള കാര്യങ്ങളില്‍ ഞങ്ങള്‍ക്കുള്ള നിലപാട് സുവ്യക്തമാണ്. അത് കശ്മീര്‍ ആയാലും ഏതായാലും ഞങ്ങള്‍ ഇന്ത്യയെ പിന്തുണയ്ക്കും, യുഎന്‍ രക്ഷാസമിതിയില്‍ കളിക്കാന്‍ ഞങ്ങള്‍ ചൈനയെ അനുവദിക്കില്ല.
ഹിമാലയത്തിന്റെ കാര്യത്തിലും ഞങ്ങളുടെ പ്രസ്താവനകള്‍ നോക്കൂ, ഞങ്ങളുടെ നിലപാട് വ്യക്തമാണ്. ഞങ്ങള്‍ പരസ്യമായി പറയുന്നതു തന്നെയാണ് ചൈനയോട് സ്വകാര്യമായി പറയുന്നതും. അക്കാര്യത്തില്‍ ആശയക്കുഴപ്പം ഇല്ല. ഡോവലിനെ കണ്ട ശേഷം ബോണ്‍ ഒരു പൊതു പരിപാടിയില്‍ പറഞ്ഞു.
ജെയ്ഷെ മുഹമ്മദ് ഭീകരന് മസൂദ് അസറിനെ യുഎന്‍ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ വഴിയൊരുക്കിയതിലും ഇന്ത്യയെ ഫ്രാന്‍സ് സഹായിച്ചിരുന്നു. ചൈന നിയമം ലംഘിച്ചാല്‍, ഞങ്ങള്‍ക്ക് ശക്തമായി നിലകൊള്ളേണ്ടതുണ്ട്. അതിനാലാണ് ഞങ്ങളും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ശക്തി വര്‍ധിപ്പിച്ചത്. ഇമ്മാനുവല്‍ ബോണ്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: