തിരുവനന്തപുരം: ഗുണ്ടാത്തലവന് ആല്‍ത്തറ വിനീഷിനെ തലസ്ഥാനത്തെ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിന് സമീപം പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നാം പ്രതിയും സംസ്ഥാനത്തെ ഗുണ്ടാ ലിസ്റ്റിലെ ആദ്യ വനിതാ ഗുണ്ടയുമായ ശോഭാ ജോണ്‍ അടക്കം എട്ടു പ്രതികള്‍ക്ക് മേല്‍ സെഷന്‍സ് കോടതി കുറ്റം ചുമത്തി. തന്നെ വിചാരണ കൂടാതെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് ശോഭ ജോണ്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി തള്ളിക്കൊണ്ടാണ് വിചാരണ കോടതിയായ തിരുവനന്തപുരം അഞ്ചാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കുറ്റം ചുമത്തിയത്.
കുറ്റം ചുമത്തിയ ശേഷം ജയിലിലേക്ക് തിരിച്ചയച്ച കേസിലെ ഒന്നും മൂന്നും നാലും പ്രതികളായ കേപ്പന്‍ അനിക്കും ശോഭാ ജോണിനും ചന്ദ്രബോസിനും പ്രൊഡക്ഷന്‍ വാറണ്ടയയ്ക്കാന്‍ കോടതി ഉത്തരവിട്ടു. വിചാരണ ഷെഡ്യൂള്‍ ചെയ്യാനായി മൂന്നു പ്രതികളെയും ജനുവരി 13ന് വീണ്ടും ഹാജരാക്കാന്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് കോടതി ഉത്തരവിട്ടു. 2010 ല്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ച് 10 വര്‍ഷം പിന്നിട്ട ശേഷം 2020 ല്‍ യാതൊരു ഉദ്ദേശ്യശുദ്ധിയുമില്ലാതെ വിടുതല്‍ ഹര്‍ജിയുമായി എത്തിയത് വൈകി വന്ന വിവേകമാണോയെന്ന് കോടതി നിരീക്ഷണം നടത്തി. ശോഭാ ജോണും കേപ്പന്‍ അനിയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് ബെംഗളൂരുവിലടക്കം പെണ്‍വാണിഭം നടത്തിയ ആലുവ വരാപ്പുഴ-വടക്കന്‍ പറവൂര്‍ പീഡന കേസില്‍ 18 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിക്കപ്പെട്ട് നിലവില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചു വരികയാണ്.
ശോഭാ ജോണിന്റെ കൂട്ടാളിയും ഭര്‍ത്താവും നാലു വധശ്രമക്കേസുകളിലും വാഹന മോഷണക്കേസുകളിലുമടക്കം പ്രതിയുമായ ശാസ്തമംഗലം പാങ്ങോട് കൂട്ടാംവിള തച്ചങ്കരി വീട്ടില്‍ കേപ്പന്‍ അനിയെന്ന അനില്‍കുമാര്‍, ശാസ്തമംഗലം സ്വദേശി പൂക്കട രാജന് എന്ന ടി. രാജേന്ദ്രന്, ശോഭാ ജോണ്‍, ചന്ദ്രബോസ്, അറപ്പു രതീഷ് എന്ന രതീഷ്, സജു, വിമല്‍, രാധാകൃഷ്ണന് എന്നിവരാണ് വിനീഷ് കൊലക്കേസിലെ ഒന്നു മുതല്‍ എട്ടു വരെയുള്ള പ്രതികള്‍.
2009 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗുണ്ടാ നേതാവായ ആല്‍ത്തറ വിനീഷ് സിറ്റി പോലീസ് കമീഷണറുടെ മുന്നില്‍ കോടതി ഉത്തരവിട്ട ജാമ്യവ്യവസ്ഥ പാലിക്കാനായി ഹാജരായി രജിസ്റ്ററില്‍ ഒപ്പിട്ട് പുറത്തിറങ്ങിയ ഉടന്‍ ശോഭാ ജോണിന്റെ ഗുണ്ടാ സംഘം വിനീഷിനെ കമ്മീഷണറാഫീസിന് സമീപം വെച്ച് വെട്ടിവീഴ്ത്തുകയായിരുന്നു. കമ്മീഷണറാഫീസിലെ ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടറാണ് വിനീഷിനെ സ്കെച്ച് ചെയ്ത് ശോഭാ ജോണിന് ഒറ്റിക്കൊടുത്ത് വിവരം കൈമാറിയതെന്ന് ആരോപണമുണ്ട്.
നഗരത്തില്‍ ശോഭാ ജോണ്‍ നടത്തിവന്ന നക്ഷത്ര വേശ്യാലയം ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ ബിസിനസ്സില്‍ നിന്നും ഗുണ്ടാപിരിവ് ചോദിച്ചതും ശോഭയുടെ നിലവിലെ ഭര്‍ത്താവ് കേപ്പന്‍ അനിയുടെ സഹോദരനെ കൊലപ്പെടുത്തിയതില്‍ വിനീഷ് പ്രധാന പങ്കു വഹിച്ചതും നഗരത്തിലെ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയും ബിസിനസ് വൈരാഗ്യവുമാണ് വിനീഷിന്റെ കൊലയ്ക്ക് കാരണമായതെന്നാണ് പ്രോസിക്യൂഷന് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: