ന്യൂദല്‍ഹി: 2021-22 കേന്ദ്ര ബജറ്റിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോഡി മുന്‍നിര സാമ്പത്തികശാസ്ത്രജ്ഞരുമായും വിവിധ മേഖലകളിലെ വിദഗ്ധരുമായും ചര്‍ച്ച നടത്തുന്നു.
വെള്ളിയാഴ്ച നടക്കുന്ന യോഗത്തിന്റെ പ്രധാന അജണ്ട കോവിഡ് 19 മൂലം വിവിധ മേഖലകളിലുണ്ടായ അനിശ്ചിതത്വവും സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താനുള്ള പോംവഴികളുമാണ്. നീതി ആയോഗ് സംഘടിപ്പിക്കുന്ന ഈ വെര്‍ച്വല്‍ ചര്‍ച്ചയില്‍ ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനും നീതി ആയോഗ് സിഇഒ അമിതാഭ് കാന്തും പങ്കെടുക്കും.
യോഗത്തില്‍ അരവിന്ദ് പനാഗരിയ, കെവി കാമത്ത്, രാകേഷ് മോഹന്‍, ശങ്കര്‍ ആചാര്യ, ശേഖര്‍ ഷാ, അരവിന്ദ് വീര്‍മണി എന്നിവര്‍ പങ്കെടുക്കുമെന്നും പ്രതീക്ഷിക്കുന്നു. ധനകാര്യ ബജറ്റിന് മുമ്പ് എല്ലാ വര്‍ഷവും പ്രധാനമന്ത്രി വ്യവസായമേഖലകളിലെ വിദഗ്ധരുമായി ചര്‍ച്ച നടത്തുന്ന പതിവുണ്ട്.
യോഗം സാമൂഹ്യ മേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിന് ഊന്നല്‍ നല്‍കുമെന്നും പ്രതീക്ഷിക്കുന്നു. 2020ല്‍ ആത്മനിര്‍ഭര്‍ ഭാരതിന്റെ കീഴില്‍ നിരവധി ഉത്തേജക പാക്കേജുകളും നടപടികളും സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ നീക്കങ്ങള്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുമെന്നും ജനങ്ങള്‍ക്കിടയിലെ ഡിമാന്റ് വര്‍ധിപ്പിക്കുമെന്നും കരുതുന്നു.
കഴിഞ്ഞ ദിവസം നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) പുറപ്പെടുവിച്ച റിപ്പോര്‍ട്ടില്‍ റിസര്‍വ്വ് ബാങ്കിന്റെ കണക്കുകളുദ്ധരിച്ച് 2021 മാര്‍ച്ച് 31ന് അവസാനിക്കുന്ന ഈ സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 7.5 ശതമാനത്തോളം ചുരുങ്ങുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. അതേ സമയം ലോകബാങ്കും അന്താരാഷ്ട്ര നാണയ നിധിയും (ഐഎംഎഫ്) ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ യഥാക്രമം 10.3 ശതമാനവും 9.6 ശതമാനവും ചുരുങ്ങുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: