ആലപ്പുഴ: ഉത്സവങ്ങളും സാംസ്ക്കാരിക പരിപാടികളും പോലെയുള്ള ആളുകള്‍ ഒത്തുകൂടാനിടയുള്ള അവസരങ്ങള്‍ അതി തീവ്ര രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഉത്സവങ്ങള്‍, റാലികള്‍, പ്രദര്‍ശന പരിപാടികള്‍, ജാഥകള്‍, അനുബന്ധമായുള്ള കലാപരിപാടികള്‍ എന്നിവ സംഘടിപ്പിക്കുമ്പോള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണം. പരിപാടികള്‍ സംഘടിപ്പിക്കുന്ന തീയതി, പ്രതീക്ഷിക്കുന്ന ആളുകളുടെ എണ്ണം, രോഗ വ്യാപനം തടയാനാവശ്യമായ പ്രതിരോധ സജ്ജീകരണങ്ങള്‍ എന്നിവ സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ചായിരിക്കണം. വിവരങ്ങള്‍ അതാത് പ്രദേശത്തെ ആരോഗ്യകേന്ദ്രങ്ങളില്‍ അറിയിച്ച് അനുമതി വാങ്ങിയിരിക്കണം.
കണ്ടയ്ന്മെന്റ് സോണുകളില്‍ ഉത്സവം പോലെയുള്ള പരിപാടികള്‍ നടത്തരുത്. 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, ഗുരുതരരോഗമുള്ളവര്‍, ഗര്‍ഭിണികള്‍, 10 വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ എന്നിവര്‍ ആളുകള്‍ കൂടുന്ന ചടങ്ങുകളില്‍ പങ്കെടുക്കാതിരിക്കുക. ചടങ്ങുകളില്‍ സംബന്ധിക്കുന്ന എല്ലാവരും മാസ്ക് ശരിയായ രീതിയില്‍ ധരിക്കുകയും അകലം പാലിക്കുകയും കൈകളുടെ ശുചിത്വം ഉറപ്പാക്കുകയും വേണം. ഉത്സവപ്പറമ്പില്‍ ആള്‍ക്കൂട്ടം ഉണ്ടാകാതിരിക്കാന്‍ സംഘാടകര്‍ കരുതലെടുക്കണം. ആരാധന നടത്തുന്നയിടത്ത് വേണ്ടത്ര വായു സഞ്ചാരമില്ലെങ്കില്‍ ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കണം. സമുഹസദ്യ ഒഴിവാക്കുക. അനുഷ്ഠാനവുമായി ബന്ധപ്പെട്ട ഒഴിവാക്കാനാവാത്ത സദ്യ നടത്തേണ്ടതുണ്ടെങ്കില്‍ ശാരീരിക അകലം ഉറപ്പിക്കുന്ന ഇരിപ്പിട ക്രമീകരണവും സമയക്രമീകരണവും ഉറപ്പാക്കുക. ആരാധനാലയങ്ങളിലെ പരികര്‍മ്മികളും സന്ദര്‍ശകരും ഉള്ളില്‍ പ്രവേശിക്കുന്നതിനു മുന്‍പ് ലക്ഷണങ്ങള്‍ ഉണ്ടോ എന്ന് പരിശോധിച്ചിരിക്കണം. ലക്ഷണങ്ങള്‍ ഉള്ളവര്‍ അകത്ത് പ്രവേശിക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: