നെടുമ്പാശ്ശേരി : നെടുമ്പാശേരിയിൽ വ്യാജ സാനിറ്റൈസർ നിർമ്മാണ കേന്ദ്രത്തിൽ പരിശോധന നടത്തി. വൻ തോതിൽ അനധികൃതമായി സാനിറ്റൈസർ നിർമ്മാണം നടത്തിയിരുന്ന കേന്ദ്രത്തിൽ ഡ്രഗ്സ് കൺട്രോളറുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. നെടുമ്പാശ്ശേരി പോസ്റ്റോഫീസ് കവലയിൽ വീട് കേന്ദ്രീകരിച്ചായിരുന്നു വ്യാജ സാനിറ്റൈസർ നിർമാണം നടത്തിവന്നത്. വാടകയ്‌ക്കെടുത്ത വീട്ടിൽ ലൈസൻസ് ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രതിദിനം ആയിരത്തോളം ലിറ്റർ സാനിറ്റൈസർ നിർമ്മിക്കാനുള്ള ഉപകരണങ്ങളും വീടിനുള്ളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. വീട് വാടകയ്‌ക്കെടുത്ത് വ്യാജ സാനിറ്റൈസർ നിർമ്മിച്ചു വന്ന ആലുവ യുസി കോളേജ് സ്വദേശി ഹാഷിം എന്നയാൾ സംഭവത്തെ തുടർന്ന് ഒളിവിലാണ്. ഇയാളെ പിടികൂടുന്നതിന് പോലിസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ആവശ്യക്കാർക്ക് വിവിധ ബ്രാൻഡുകളുടെ ലേബലിൽ ഇവിടെ നിന്നും സാനിറ്റൈസർ നിർമ്മിച്ച് നൽകുകയാണ് ചെയ്തിരുന്നത്.
ഏത് അളവിലും പായ്‌ക്ക് ചെയ്യാൻ കഴിയുന്ന സാമഗ്രികളും തയാറാക്കിയിരുന്നു. അഞ്ച് ലക്ഷം രൂപയോളം വിലവരുന്ന സാനിറ്റൈസറുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇത് കൂടാതെ ഇവ നിർമ്മിക്കാൻ ആവശ്യമായ സാധന സാമഗ്രികൾ, സ്റ്റിക്കറുകൾ, ഡ്രംസ്, ഇവ നിറയ്‌ക്കാനുള്ള വിവിധ അളവുകളിലുള്ള കാലിക്കുപ്പികൾ എന്നിവയും പിടികൂടിയിട്ടുണ്ട്. റീജിയണൽ ഡ്രഗ്സ് കൺട്രോളർ അജു ജോസഫ്, റീജിയണൽ ഓഫീസർ അജയകുമാർ, ഇൻസ്പെക്ടർ ജയൻ ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: