തിരുവനന്തപുരം: സ്കൂളുകള്‍ തുറന്നതിന് പിന്നാലെ അധ്യാപകര്‍ക്ക് കൊറോണ സ്ഥിരീകരിക്കുന്നു. ആശങ്കയോടെ അധ്യാപകരും വിദ്യാര്‍ഥികളും. സ്കൂള്‍ തുറന്ന ദിവസം ക്ലാസെടുത്ത തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളിലെ അധ്യാപികയ്ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ മൂന്ന് അധ്യാപകരും എട്ട് വിദ്യാര്‍ഥികളും ക്വാറന്റൈനിലാണ്.
ജനുവരി ഒന്നിന് സ്കൂള്‍ തുറന്ന അന്ന് വൈകിട്ടോടെയാണ് അധ്യാപികയ്ക്ക് രോഗലക്ഷണമുണ്ടാകുന്നത്. എന്നാല്‍ പരിശോധനാഫലം വന്നത് തിങ്കളാഴ്ചയും. തുടര്‍ന്ന് അധ്യാപികയ്ക്കൊപ്പം സ്റ്റാഫ് റൂമിലുണ്ടായിരുന്ന അധ്യാപകരും ക്ലാസിലിരുന്ന എട്ട് വിദ്യാര്‍ഥികളും ക്വാറന്റൈനിലായി. ജില്ലയിലെ തന്നെ പനവൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപികയ്ക്കും രോഗബാധയുണ്ടായി. അധ്യാപിക അവസാനമായി സ്കൂളില്‍ എത്തിയത് ക്ലാസ് തുടങ്ങുന്നതിന് മൂന്ന് ദിവസം മുമ്പ് ആയതിനാല്‍ വിദ്യാര്‍ഥികള്‍ ക്വാറന്റൈനില്‍ ആയിട്ടില്ല. അധ്യാപകര്‍ ക്വാറന്റൈനിലായി. മറ്റ് ജില്ലകളിലും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമൊക്കെ കൊറോണ പോസിറ്റീവ് ആകുന്നുണ്ട്.
ഇതോടെ അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും കടുത്ത ആശങ്കയിലാണ്. വിദ്യാര്‍ഥികള്‍ അധികം പുറത്ത് സഞ്ചരിക്കാത്തവരാണ്. എന്നാല്‍, അധ്യാപകര്‍ സമ്പര്‍ക്കം കൂടുതലുള്ളവരും. ഇത് വിദ്യാര്‍ഥികളിലേക്ക് രോഗം എത്തിക്കുമോ എന്ന ആശങ്കയിലാണ് രക്ഷിതാക്കള്‍. അതേസമയം, അധ്യാപകരും കടുത്ത സമ്മര്‍ദത്തിലാണ്. ബസിലും മറ്റും സ്കൂളിലെത്തുന്ന അധ്യാപകരാണ് അധികവും. അതിനാല്‍, രോഗം വരാനുള്ള സാധ്യത കൂടുതലാണ്. അങ്ങനെ സംഭവിച്ചാല്‍ വിദ്യാര്‍ഥികളിലേക്ക് രോഗം പടരുമോയെന്ന ആശങ്ക അധ്യാപകര്‍ക്കുമുണ്ട്.
പരീക്ഷയ്ക്ക് നിര്‍ബന്ധമായും പഠിക്കേണ്ട പാഠഭാഗങ്ങള്‍ പരിചയപ്പെടുത്തുക, പ്രാക്ടിക്കല്‍ ലാബുകള്‍ നല്‍കുക തുടങ്ങിയവ മാത്രമാണ് ഇപ്പോള്‍ ക്ലാസ്സുകളില്‍ നല്‍കുന്നത്. ഈ ക്ലാസ് കൊണ്ട് ഫലം കാണുമോയെന്ന സംശയവും അധ്യാപകര്‍ക്കുണ്ട്.
എന്നാല്‍, കൊറോണ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാത്തതും സാമൂഹിക അകലം പാലിക്കുന്നതിലടക്കം വീഴ്ച വരുത്തുന്നതുമാണ് രോഗം പടരാന്‍ കാരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.
അധ്യാപകരെ കേന്ദ്ര ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്തണം: എന്‍ടിയു
തിരുവനന്തപുരം: അധ്യാപകരെയും കേന്ദ്ര സര്‍ക്കാരിന്റെ 50 ലക്ഷത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്തണമെന്ന് ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) ആവശ്യപ്പെട്ടു. കൊറോണ ഡ്യൂ ട്ടിക്കിടെയാണ് രോഗം ബാധിച്ച് കാസര്‍കോട് സൂരംബായല് ഗവ. സ്കൂളിലെ അധ്യാപകന് എ. പത്മനാഭ മരിച്ചത്. എന്നാല്‍, കേന്ദ്ര ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദേശം നല്കാന് സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടില്ല. പോലീസിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മാത്രമാണ് ഇപ്പോള്‍ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളത്. ഈ സാഹചര്യത്തിലെങ്കിലും അധ്യാപകരെ കൂടി ആരോഗ്യ പരിരക്ഷയില്‍ കൊണ്ടുവരണമെന്ന് എന്‍ടിയു ജനറല്‍ സെക്രട്ടറി ടി. അനൂപ്കുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: