കൊച്ചി: കാലിക്കറ്റ് സര്‍വകലാശാലയിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സിന്‍ഡിക്കേറ്റിന്റെ തീരുമാനവും ഇതിനനുസരിച്ചുള്ള ഉത്തരവും ഹൈക്കോടതി ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു. താത്കാലിക ജീവനക്കാരെ ആരെയെങ്കിലും ഇതിനകം സ്ഥിരപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവര്‍ നേരത്തെയുള്ള രീതിയില്‍ തുടരുമെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
സര്‍വകലാശാലയിലെ അനധ്യാപക നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ടിരുന്നു. ഇതിനു ശേഷവും കാലിക്കറ്റ് സര്‍വകലാശാലയില്‍ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനിച്ചതിനെതിരെ മലപ്പുറം സ്വദേശി എം. പ്രശാന്ത് ഉള്‍പ്പെടെ നാലു പേര് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. സിംഗിള്‍ ബെഞ്ച് ഹര്‍ജി പരിഗണിച്ചെങ്കിലും സ്റ്റേ അനുവദിച്ചില്ല. ഇതിനെതിരെയാണ് ഹര്‍ജിക്കാര്‍ അപ്പീല്‍ നല്‍കിയത്.
സര്‍വകലാശാലകളിലെ അനധ്യാപക നിയമനങ്ങള്‍ പിഎസ്സിക്കു വിട്ടതിനു പുറമേ ഇതിനായി ചട്ടങ്ങള്‍ക്കും രൂപം നല്കി. ഇതിനിടെയാണ് മതിയായ യോഗ്യത ഇല്ലാത്തവരുള്‍പ്പെടെയുള്ള താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ഡിസംബര്‍ അവസാനം സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: