പട്ടാഴി: പട്ടാഴിയില്‍ പുതിയ പോലീസ് സ്റ്റേഷന് സ്ഥാപിക്കുമെന്ന അധികൃതരുടെ പ്രഖ്യാപനം വെറുതേയായി. ഉടനെയെങ്ങും പോലീസ് സ്റ്റേഷന് പ്രവര്‍ത്തനം ആരംഭിക്കില്ലെന്നാണ് സൂചന. രണ്ട് വര്‍ഷം മുമ്പ് അഭ്യന്തരവകുപ്പിന്റെയും ധനകാര്യവകുപ്പിന്റെയും അനുമതി ലഭിച്ചെങ്കിലും നടപടികള്‍ എങ്ങുമെത്തിയില്ല. പോലീസ് സ്റ്റേഷന് വേണ്ടി പട്ടാഴിക്കാര്‍ ഇനിയും കാത്തിരിക്കേണ്ട അവസ്ഥയാണ്. കഴിഞ്ഞ പത്ത് വര്‍ഷമായി പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങിയിരിക്കുകയാണ് പട്ടാഴി പോലീസ് സ്റ്റേഷന്.
നിലവില്‍ കുന്നിക്കോട് പോലീസ് സ്റ്റേഷന്റെ ഭാഗമാണ് പട്ടാഴി. പ്രസിദ്ധമായ പട്ടാഴി ദേവീക്ഷേത്രത്തിലേക്കും മറ്റും നിരവധിയാളുകളാണ് ദിവസേന എത്തുന്നത്. പത്തനാപുരം, കുന്നിക്കോട് സ്റ്റേഷനുകള്‍ വിഭജിച്ച് പട്ടാഴി, പട്ടാഴി വടക്കേക്കര പഞ്ചായത്തുകള്‍ പൂര്‍ണ്ണമായും തലവൂര്‍ പഞ്ചായത്തിന്റെ കുറച്ചുഭാഗവും ഉള്‍പ്പെടുത്തിയാണ് പോലീസ് സ്റ്റേഷന്റെ അതിര്‍ത്തി നിര്‍ണ്ണയിക്കാന്‍ തീരുമാനിച്ചിരുന്നത്.
പട്ടികജാതി, പട്ടികവര്‍ഗ്ഗ കോളനികളടക്കം നാല്പതിനായിരത്തോളം ജനസംഖ്യയാണ് ഇവിടെ ഉള്ളത്. സമീപത്തെ പോലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള ദൂരം കാരണം പലപ്പോഴും കൃത്യമായ ക്രമസമാധാനപാലനം പട്ടാഴി മേഖലയില്‍ സാധ്യമാകാറില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. മദ്യവില്‍പ്പന ശാല കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധന്ന്മാരുടെ അഴിഞ്ഞാട്ടവും രൂക്ഷമാണ്.
ചന്തയില്‍ പ്രവര്‍ത്തിച്ച ഹോമിയോ ഡിസ്പെന്‍സറി മറ്റൊരു കെട്ടിടത്തിലേക്കു മാറിയതോടെ ഈ കെട്ടിടം പോലീസ് സ്റ്റേഷന് വേണ്ടി ഉപയോഗിക്കാമെന്ന നിര്‍ദ്ദേശമുയര്‍ന്നെങ്കിലും തുടര്‍ നടപടി വൈകുന്നതു മൂലം കെട്ടിടവും മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാകാതെ കാടു കയറി നശിക്കുന്നുണ്ട്. ക്രിമിനല്‍ കേസുകളുകളടക്കം ഒട്ടേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മേഖലയില്‍ പോലീസ് വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: