കൊട്ടാരക്കര: ഓടാനാവട്ടം മാവേലി സ്റ്റോര്‍ ഗോഡൗണില്‍ നിന്നും ചെപ്ര എസ്എബി യുപി സ്കൂളിലേക്ക് കുട്ടികള്‍ക്കായി വിതരണം ചെയ്ത കിറ്റില്‍ വ്യപകമായി പുഴുത്ത അരിയും കടലയും ചെറുപയറും കണ്ടെത്തി. നിരവധി കുട്ടികള്‍ക്ക് ലഭിച്ച കിറ്റില്‍ പുഴുവെടുത്ത സാധനങ്ങള്‍ ആണെന്നറിഞ്ഞതോടെ രക്ഷിതാക്കള്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. യാതൊരു ഗുണമേന്മയും ഇല്ലാത്തതും പഴകിയതും പുഴുവരിച്ചതുമായ ഭക്ഷ്യധാന്യങ്ങള്‍ ചെറിയ വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും രക്ഷകര്‍ത്താക്കള്‍ പറഞ്ഞു.
ഓടാനാവട്ടം മാവേലിസ്റ്റോറിലേക്ക് ഡിപ്പോയില്‍ നിന്നും കൊടുത്തു വിടുന്ന പുതിയ സാധനങ്ങള്‍ മാവേലിസ്റ്റോറില്‍ എത്തുമ്പോള്‍ എങ്ങനെയാണ് ഉപയോഗശൂന്യമായ അവസ്ഥയില്‍ എത്തുന്നതെന്നാണ് ഇവരുടെ ചോദ്യം. മാവേലി സ്റ്റോറില്‍ കെട്ടികിടക്കുന്ന ഉപയോഗ ശൂന്യമായ സാധനങ്ങള്‍ സ്കൂളുകളിലെക്ക് പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. മുന്‍പും പലതവണകളായി ഇത് തന്നെയാണ് നടന്നിരുന്നതെന്നാണ് ആളുകള്‍ പറയുന്നത്. സ്കൂളില്‍ പഠിക്കുന്ന ഭൂരിഭാഗം കുട്ടികളും നിര്‍ദ്ധന കുടുംബത്തിപ്പെട്ടവരാണ്. പല തവണ ഇത്തരത്തില്‍ സംഭവിച്ചതിനാല്‍ കൊട്ടാരക്കര മെയിന്‍ ഡിപ്പോയില്‍ പരാതി കൊടുത്തിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലായെന്നും രക്ഷകര്‍ത്താക്കള്‍ പറയുന്നു.
കിറ്റിലെ ഭക്ഷ്യധാന്യങ്ങള്‍ ഉപയോഗശൂന്യമായതെന്നറിഞ്ഞതോടെ ഭക്ഷ്യ ധാന്യ കിറ്റ് വിതരണം നിര്‍ത്തിവച്ചതായി സ്കൂള്‍ അധികൃതര്‍ പറഞ്ഞു. നിരവധി പേര്‍ക്ക് ഭക്ഷ്യധാന്യകിറ്റുകള്‍ വിതരണം ചെയ്തതിന് ശേഷമാണ് ഈ വിവരം അറിയാന്‍ കഴിഞ്ഞതെന്നു സ്കൂള്‍ അതികൃതര്‍ പറഞ്ഞു. സംഭവം ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്നെ കിറ്റ് വിതരണം നിര്‍ത്തി വച്ചിരിക്കുകയാണെന്നും സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: