തിരുവനന്തപുരം: ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പതിനാലാം കേരള നിയമസഭയുടെ ഇരുപത്തിരണ്ടാം സമ്മേളനത്തിന് തുടക്കമായി. കോവിഡി മഹാമാരി മൂലം ഉണ്ടാക്കിയ വെല്ലുവിളികളാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നേരിടുന്നതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മ് ഖാന്. നയപ്രഖ്യാപന പ്രസംഗത്തിന് തുടക്കമിട്ടുകൊണ്ടാണ് ഇക്കാര്യം അറിയിച്ചത്.
ലോക്ക്ഡൗണ്‍ കാലത്ത് ആരും പട്ടിണി കിടക്കരുതെന്ന സര്‍ക്കാര്‍ വാഗ്ദാനം പാലിച്ചു. എല്ലാ വീടുകളിലും ഭക്ഷ്യകിറ്റുകള്‍ എത്തിച്ചു. അന്യ സംസ്ഥാനത്തൊഴിലാളികള്‍ക്ക് ഭക്ഷണം നല്കി. രോഗവ്യാപനം തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു. സ്വയംപര്യാപ്ത പച്ചക്കറി ഉത്പ്പാദനത്തിനുള്ള പദ്ധതികള്‍ നടപ്പാക്കി. കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസമായി സുഭിക്ഷകേരളം ഉള്‍പ്പടെയുള്ള പദ്ധതികള്‍ നടപ്പാക്കി. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം തുടരുകയാണ്.
കൊവിഡ് മരണനിരക്ക് കുറഞ്ഞ ഏകസംസ്ഥാനമാണ് കേരളം. എന്നാല്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് അടക്കമുള്ള നിരവധി വെല്ലുവിളികള്‍ ഇനിയും മുന്നിലുണ്ട്.കൊറോണ വെല്ലുവിളികള്‍ക്കിടയില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടത്താനും സര്‍ക്കാരിനായി. പരമാവധി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടാണ് സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടത്തിയത്.
കൃത്യം ഒമ്പത് മണിക്ക് തന്നെ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം തുടങ്ങി. കേരളീയവേഷത്തിലാണ് ഗവര്‍ണര്‍ നയപ്രഖ്യാപനപ്രസംഗത്തിന് എത്തിയത്. അതേസമയം നയപ്രഖ്യാപന പ്രസംഗം തുടങ്ങിയതോടെ പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി രംഗത്തെത്തി. ഗവര്‍ണര്‍ സംസാരിക്കുന്നതിനൊപ്പം പ്രതിപക്ഷനേതാവും സംസാരിച്ചു. ബാനറും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം ബഹളം വെയ്ക്കുകയും നയപ്രഖ്യപന പ്രസംഗത്തിനിടെ സഭ ബഹിഷ്കരിക്കുകയും ചെയ്തു.
എന്നാല്‍ താന്‍ ഭരണഘടനാപരമായ ചുമതലയാണ് നിര്‍വഹിക്കുന്നത്. തടയരുതെന്നും പറഞ്ഞ് ഗവര്‍ണര്‍ നയ പ്രഖ്യാപന പ്രസംഗം തുടരുകയായിരുന്നു. ഇതിനെല്ലാം ഇടയിലും ഡയസിന് മുന്നിലേക്ക് പ്രതിഷേധം നീണ്ടു. തന്റെ ഉത്തരവാദിത്തം തുടരാന്‍ സമ്മതിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ പതിനാലാം നിയമസഭയുടെ അവസാന സമ്മേളനമാണിത്. ഈ മാസം 28 വരെയാണ് നിയമസഭാ സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. 15നാണ് ബജറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: