തൃശൂര്‍: ആളും ആരവവും പാട്ടും മേളവുമായി തിരശീലകള്‍ വീണ്ടും ഉണരുന്നത് കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. തുറക്കാന്‍ അനുവാദം ലഭിച്ചെങ്കിലും ഇതുവരെ പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല. പലയിടത്തും അറ്റകുറ്റപ്പണികളും ശുചീകരണവും നടത്താന്‍ ദിവസങ്ങളെടുക്കും.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു സ്ക്രീനില്‍ പ്രദര്‍ശനം പുനരാരംഭിക്കാന്‍ 10 ലക്ഷം രൂപയോളം അധികച്ചെലവ് വരുമെന്ന് തിയറ്റര്‍ ഉടമകള്‍ പറയുന്നു. ആളനക്കമില്ലാതെ കിടക്കുകയായിരുന്ന തിയറ്ററുകള്‍ വീണ്ടും തുറക്കുമ്പോള്‍ ഉടമകളെ കാത്തിരിക്കുന്ന പ്രധാന വെല്ലുവിളി വൈദ്യുതബില്‍ കുടിശികയാണ്.
എസി സംവിധാനമില്ലാത്ത തിയറ്റര്‍ ഉടമകള്‍ പോലും രണ്ടു ലക്ഷത്തോളം രൂപ അടയ്ക്കേണ്ടി വരും. ഇപ്പോള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അറ്റകുറ്റപണികള്‍ പൂര്‍ത്തിയാകാന്‍ ഒരാഴ്ച വേണ്ടി വരും. സീറ്റുകള്‍ പൂപ്പലും വലയും പിടിച്ച നിലയിലാണ്. കസേരകളെല്ലാം കഴുകി വൃത്തിയാക്കുന്ന ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്.
പ്രൊജക്ഷന് സിസ്റ്റവും സൗണ്ട് സംവിധാനവും കേടുവരാതിരിക്കാന്‍ എല്ലാ ദിവസവും ഒരു മണിക്കൂറെങ്കിലും പ്രവര്‍ത്തിപ്പിച്ചിരുന്നതിനാല്‍ കാര്യമായ പ്രശ്നങ്ങളില്ല. മെഷീനുകളെല്ലാം സര്‍വീസ് ചെയ്യാന്‍ ഏറെ ചെലവ് വരുമെന്ന് തൃശൂര്‍ രാംദാസ് തിയറ്റര്‍ ഉടമ ഡോ.രാംദാസ് ചേലൂരും മാനേജര്‍ വി.ജെ ജയിംസും പറഞ്ഞു.
ജനറേറ്റര്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കാന്‍ തന്നെ വന്‍തുക വരും. ഉപയോഗിക്കാത്ത കറന്റ് കുടിശിക 10 ലക്ഷത്തോളം രൂപയുണ്ട്. തിയ്യറ്റര്‍ മുഴുവനായും പെയ്ന്റിങ് നടത്തണം. കേടുപാടുകള്‍ സംഭവിച്ച ജനറേറ്റര്‍ ബാറ്ററികള്‍, യുപിഎസ്, കമ്പ്യട്ടറുകള്‍ തുടങ്ങിയവയെല്ലാം മാറ്റേണ്ടതുണ്ട്. ഇതിനു പുറമേ അണുവിമുക്തമാക്കാനുള്ള ഫോഗിങ് മെഷീന് തിയ്യറ്ററില്‍ സ്ഥാപിക്കണം.
മൊത്തമുള്ള സീറ്റുകളില്‍ പകുതി ആളുകളെ മാത്രമേ കയറ്റാവൂ എന്നതാണ് തിയറ്റര്‍ ഉടമകള്‍ നേരിടുന്ന പ്രധാന പ്രതിസന്ധി. മുന്‍കാലങ്ങളില്‍ നാല് ഹൗസ്ഫുള് പ്രദര്‍ശനങ്ങള്‍ നടത്തുമ്പോള്‍ കിട്ടുന്ന വരുമാനം ഇനി നേര്പകുതിയാവും. കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ തിയ്യറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നുവെങ്കിലും പുതിയ ചിത്രങ്ങള്‍ ലഭിക്കാത്തതിനാല്‍ പ്രദര്‍ശനം ആരംഭിച്ചിരുന്നില്ല.
13 മുതല്‍ രാവിലെ ഒമ്പതു മുതല്‍ രാത്രി ഒമ്പതു വരെയായിരിക്കും തിയറ്ററുകളിലെ പ്രദര്‍ശന സമയം. ടിക്കറ്റ് നിരക്കില്‍ മാറ്റമില്ല. റിസര്‍വേഷന്‍ കാര്യത്തില്‍ വരും ദിവസങ്ങളില്‍ തീരുമാനമുണ്ടാകും. തിയറ്ററിനകത്തേക്ക് കടക്കുന്നതിന് മുമ്പ് കാണികള്‍ സാനിറ്ററൈസ് ചെയ്യണം. ഇതിനായി വാതിലുകള്‍ക്ക് സമീപം സാനിറ്റൈസര്‍ സജ്ജമാക്കും.
ഓരോ പ്രദര്‍ശനത്തിനു ശേഷവും തിയ്യറ്റര്‍ അണുവിമുക്തമാക്കും. അതേസമയം കുടിശിക പ്രശ്നം ഉന്നയിച്ച് വിതരണക്കാര്‍ മലയാള സിനിമ നല്‍കില്ലെന്ന് അറിയിച്ചിട്ടുള്ളതിനാല്‍ 13ന് മലയാള ചിത്രങ്ങള്‍ പ്രദര്‍ശനത്തിനുണ്ടാകില്ല. വിജയ്യുടെ തമിഴ് ചിത്രം ‘മാസ്റ്റര്‍’ 13ന് പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം. തിയറ്ററുകള്‍ തുറന്ന് പ്രവര്ത്തിക്കാനൊരുങ്ങുമ്പോള് സിനിമാപ്രേമികളും തിയറ്റര്‍ ഉടമകളും ജീവനക്കാരും ഏറെ പ്രതീക്ഷയിലാണ്.
നികുതിയിളവില്ലാതെ തുറക്കില്ലെന്ന് ഫിലിം ചേംബര്‍
വിനോദ നികുതി, വൈദ്യുതി ചാര്‍ജ് ഇളവില്ലാത്ത തിയറ്ററുകള്‍ 13ന് തുറക്കേണ്ടെന്നാണ് കേരള ഫിലിം ചേംബര്‍ തീരുമാനം. 10 മാസങ്ങള്‍ക്ക് ശേഷം തിയറ്റര്‍ തുറക്കുമ്പോള്‍ വന്‍ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി. സീറ്റുകളുടെ 50 ശതമാനം കപ്പാസിറ്റിയെന്ന സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാനാവില്ല.
ഇതര ഭാഷാ ചിത്രങ്ങള്‍ ഉള്‍പ്പെടെ പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്യില്ല. സമഗ്ര പാക്കേജ് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നല്കിയ നിവേദത്തില്‍ ഉടനെ തീരുമാന വേണമെന്നും ഫിലിം ചേംബര്‍ ആവശ്യപ്പെട്ടു.
വിനോദ നികുതിയില്‍ ഇളവ്, വൈദ്യുതി ഫിക്സഡ് ചാര്‍ജ് ഒഴിവാക്കല്‍, കെട്ടിട നികുതി ഒഴിവ്, അറ്റകുറ്റപ്പണികള്‍ക്ക് പലിശരഹിത വായ്പ തുടങ്ങിയ ആവശ്യങ്ങളാണ് തിയറ്റര്‍ ഉടമകള്‍ ഉന്നയിച്ചിട്ടുള്ളത്. 13ന് മുന്‍പ് ഇക്കാര്യത്തില്‍ തീരുമാനമാകുമെന്ന പ്രതീക്ഷയിലാണ് ഉടമകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: