കോട്ടയം: മലങ്കരസഭയിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന പ്രാഥമിക കൂടിക്കാഴ്ചകളില്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് യാക്കോബായ സഭ. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചാല്‍ സഭ ബിജെപിക്കൊപ്പം നിലകൊള്ളുമെന്ന് യാക്കോബായ സഭ സമര സമിതി കണ്‍വീനര്‍ അലക്സാണ്ട്രിയോസ് മെത്രാപ്പോലീത്ത വ്യക്തമാക്കി.
ഓര്‍ത്തഡോക്സ്-യാക്കോബായ സഭാ തര്‍ക്കത്തിന് പരിഹാരം കണ്ടെത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മധ്യസ്ഥതയില്‍ സഭാ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞ ദിവസം ന്യൂദല്‍ഹിയില്‍ നടന്നിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പ്രശ്നങ്ങള്‍ മനസ്സിലാക്കി ചര്‍ച്ചയ്ക്ക് വിളിച്ചത് അനുഗ്രഹമായി. കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രിയില്‍ നിന്നുള്ള പ്രതികരണമൊന്നും ലഭ്യമായിട്ടില്ലെന്നും ഒരു സ്വകാര്യ ചാനലിനോടായി അദ്ദേഹം പറഞ്ഞു.
ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായിട്ടാണ് കഴിഞ്ഞകാലങ്ങളില്‍ കേന്ദ്രം നിലപാടെടുത്തിട്ടുള്ളത്. നിലപാടില്‍ വ്യത്യാസം വന്നതായിട്ടുള്ള തോന്നല്‍ വിശ്വാസികള്‍ക്കിടയിലുണ്ട്. സഭയെ ആര് സഹായിക്കുന്നുവോ അവരെ തിരിച്ചും സഹായിക്കും എന്നതാണ് തങ്ങളുടെ രാഷ്ട്രീയം. തദ്ദേശ തെരഞ്ഞെടുപ്പില്‍ അത് തെളിയിച്ചു കഴിഞ്ഞതായും അലക്സാണ്ട്രിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.
പ്രശ്നം സമവായത്തിലൂടെ പരിഹരിക്കുമെന്ന് സംസ്ഥാന സര്‍ക്കാരും അറിയിച്ചിട്ടുണ്ട്. പ്രതീക്ഷ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ തങ്ങള്‍ക്കനുകൂലമായി സെമിത്തേരി ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് വലിയ ആര്‍ജ്ജവമാണ് കാണിച്ചത്. തങ്ങളെ സഹായിക്കുന്നത് ആരാണോ അവരെ തീര്‍ച്ചയായും തിരിച്ച് സഹായിച്ചിരിക്കും.
അലക്സാണ്ട്രിയോസ് മെത്രാപ്പോലീത്തയുടെ പ്രസ്താവന ഔദ്യോഗികമല്ലെന്ന് സിനഡ് സെക്രട്ടറി തോമസ് തീമോത്തിയോസ് മെത്രാപ്പോലീത്ത പത്രക്കുറിപ്പില്‍ അറിയിച്ചു. യാക്കോബായ സഭയ്ക്കുവേണ്ടി ഔദ്യോഗിക പ്രസ്താവനകള്‍ നടത്താന്‍ ചുമതലപ്പെട്ടവര്‍ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് ഗ്രീഗോറിയോസ്, സിനഡ് സെക്രട്ടറി തോമസ് തീമോത്തിയോസ്, മീഡിയ സെല്‍ ചെയര്മാന് കുറിയാക്കോസ് തെയോലോസ് എന്നിവരെ കൂടാതെ അഞ്ച് മെത്രാപ്പോലീത്തന്മാര് അടങ്ങിയ സബ് കമ്മിറ്റി, സഭാ ഭാരവാഹികളായ വൈദിക ട്രസ്റ്റി, സഭാ ട്രസ്റ്റി, സഭാ സെക്രട്ടറി എന്നിവരാണെന്ന് കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയും സിനഡ് സെക്രട്ടറിയുമായ തോമസ് മോര് തിമോത്തിയോസ് മെത്രാപ്പോലീത്ത അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: