തിരുവനന്തപുരം: ഒരാഴ്ചയ്ക്കുള്ളിൽ തലസ്ഥാന ജില്ല അടക്കം ആറ് ജില്ലകളിൽ കൊറോണ വ്യാപനം വർദ്ധിച്ചെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്. പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും നിർദ്ദേശം. ഡിസംബർ 28 മുതൽ ജനുവരി 3 വരെയുള്ള കണക്കുകളുടെ പഠനറിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്.
പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, വയനാട്, കോട്ടയം, തിരുവന്തപുരം ജില്ലകളിലാണ് വ്യാപനത്തിൽ വർദ്ധനവ് ഉണ്ടായത്. നിലവിൽ വയനാട്ടിലാണ് ഏറ്റവും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 100 പേരിൽ പരിശോധന നടത്തുമ്പോൾ 12.3 ആണ് വയനാട്ടിലെ പോസിറ്റിവിറ്റി നിരക്ക്. മലപ്പുറത്ത് ഇത് 12.2 ആണ്. പത്തനംതിട്ടയിലും കോട്ടയത്തും പോസിറ്റിവിറ്റി 11.6 ശതമാനമാണ്. രോഗികളുടെ എണ്ണം കണക്കാക്കിയാൽ ഒരാഴ്ചയ്ക്കുള്ളിൽ ഏറ്റവും കൂടുതൽ രോഗികളുണ്ടായത് എറണാകുളത്താണ്. ഏറ്റവും കൂടുതൽ രോഗികൾ ചികിത്സയിലുള്ളത് പത്തനംതിട്ടയിലും.
മരിച്ചവരുടെ പ്രായം തിരിച്ചുള്ള കണക്കുകളും റിപ്പോർട്ടിലുണ്ട്. സംസ്ഥാനത്തെ ആകെമരണം 3116 എന്നാണ് കണക്കുകൾ. 7.71 ലക്ഷം പേർക്ക് രോഗം പിടിപെട്ടപ്പോൾ 3116 പേർ മരിച്ചു. ഇതിൽ പത്ത് വയസിന് താഴെയുളള ആറ് കുട്ടികളും, 11നും 20നും മധ്യേയുള്ള ഒമ്പത് പേരും, 11 നും 30നും ഇടയിലുളള 35പേരും, 31നും 40നും മധ്യേയുളള 77പേരും, 40നും 60നും ഇടയിലുള്ള 779 പേരും, അറുപതിനു മുകളിൽ പ്രായമുളള 2210 പേരും മരിച്ചു.
~ഒരാഴ്ചയ്ക്കുള്ളിൽ 35336 പേർക്ക് രോഗബാധ ഉണ്ടായപ്പോൾ 165 പേർ മരിച്ചു. 35048 പേർ രോഗമുക്തരായി. 370996 പരിശോധനകളാണ് നടത്തിയത്. മലപ്പുറം, പാലക്കാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ പരിശോധനകളുടെ എണ്ണം അടിയന്തിരമായി വർദ്ധിപ്പിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: