ശ്രീകാര്യം: കഴക്കുട്ടം മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതും ഏറെ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതുമായ ശ്രീകാര്യം, പൗഡിക്കോണം, കേരളാദിത്യപുരം, മണ്ണന്തല റോഡുകള്‍ ഹൈട്ടെക്കാകുന്നു. ഇതിലേക്കായി 41.8 കോടി വകയിരുത്തി.
വീതിയില്ല, വാഹനങ്ങളുടെ എണ്ണവും കൂടി-അപകടം തുടര്‍ക്കഥ
വീതിയില്ലാതെ ഇടുങ്ങിയ ഈ റോഡില്‍ തുടര്‍ച്ചയായി അപകടങ്ങളും വാഹനപ്പെരുപ്പം മൂലം ഗതാഗതകുരുക്കും രൂക്ഷമായിരുന്നു. ടെക്നോപാര്‍ക്കിലേക്കുള്ള വാഹനങ്ങളുടെ ആധിക്യം കൂടിയായപ്പോള്‍ ഇടറോഡുകളിലേക്ക് വാഹനങ്ങള്‍ക്ക് കയറാനോ ഇടറോഡുകളില്‍ നിന്ന് പ്രധാന റോഡുകളിലേക്ക് ഇറങ്ങാനോ കഴിയാതെ വാഹനയാത്രക്കാര്‍ മണിക്കൂറുകളോളം ബുദ്ധിമുട്ട് അനുഭവിക്കേണ്ട അവസ്ഥയാണ്. റോഡിന്റെ ഓട കഴിഞ്ഞുള്ള ഭാഗം പരമാവധി ടാറും കോണ്‍ക്രീറ്റും ചെയ്തെങ്കിലും റോഡിന്റെ ഓരം ചേര്‍ന്നിരിക്കുന്ന കെട്ടിടങ്ങള്‍ റോഡ് വികസനത്തിന് വലിയ തടസമാണ്. ഇതിനാലാണ് ആദ്യഘട്ടത്തില്‍ റോഡിന്റെ വീതിക്കാവശ്യമായ സ്ഥലം ഏറ്റെടുക്കാന്‍ നടപടി ആരംഭിച്ചത്. സ്ഥലം അളന്ന് കല്ലിടല്‍ പൂര്‍ത്തിയാക്കി പൊളിക്കല്‍ ജോലി പ്രാരംഭ ഘട്ടത്തിലാണ്.
നാലുമാസം കൊണ്ട് സ്ഥലം ഏറ്റെടുക്കും
നാലുമാസം കൊണ്ട് സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കും. തുടര്‍ന്ന് റോഡിന്റെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിനുള്ളില്‍ റോഡ് നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. 2017-18 ബജറ്റില്‍ ഭരണാനുമതി ലഭിച്ചത് 200 കോടി(വീതി കൂട്ടി നവീകരിക്കുന്നതിന് ആവശ്യമായ സ്ഥലമേറ്റെടുപ്പിനും കൂടി കണക്കാക്കി)ക്കാണ്.
നിര്‍മാണം ബിഎം ആന്റ് ബിസി പദ്ധതി പ്രകാരം
ആധുനികരീതിയില്‍ വീതികൂട്ടി ബിഎം ആന്റ് ബിസി പദ്ധതിപ്രകാരമാണ് റോഡ് നവീകരിക്കുന്നത്. പോത്തന്‍കോട് മുതല്‍ പൗഡിക്കോണം ചന്തമുക്ക് വരെ കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയിലുള്‍പ്പെടുത്തി റോഡ് നവീകരണം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. മണ്ണന്തല-കേരളാദിത്യപുരം-പൗഡിക്കോണം വരെയായിരുന്നു ആദ്യം പദ്ധതി തയ്യാറാക്കിയിരുന്നത്. പിന്നീട് ശ്രീകാര്യം ജംഗ്ഷന് വരെ നീട്ടുകയായിരുന്നു. രണ്ട് വരി പാതയായി വികസിപ്പിക്കുന്ന റോഡില്‍ ഇരുവശത്തും ഓടകളും നടപ്പാതകളും നിര്‍മിക്കും. ആധുനിക റോഡ് മാര്‍ക്കുകളും സിഗ്നല്‍ സ്റ്റഡുകളും ദിശാബോര്‍ഡുകളും സ്ഥാപിക്കും.
റോഡ് തകര്‍ച്ചയ്ക്ക് കാരണം വാട്ടര്‍ അതോറിറ്റിയുടെ അറ്റകുറ്റപ്പണി
വാട്ടര്‍ അതോറിറ്റിയുടെ പ്രധാന പൈപ്പുലൈന്‍ കടന്നുപോകുന്ന ശ്രീകാര്യം-പൗഡിക്കോണം റോഡ് അടിക്കടി തകരുന്നതിനാല്‍ ഈ റോഡിലെ യാത്ര ദുസ്സഹമായിരുന്നു. ഇടയ്ക്കിടെ ഉണ്ടാകുന്ന വാട്ടര്‍ അതോറിറ്റിയുടെ അറ്റകുറ്റപ്പണികാരണം റോഡിന്റെ ഭൂരിഭാഗവും തകര്‍ന്ന അവസ്ഥയിലായിരുന്നു. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ഈ റോഡ് നവീകരിക്കുന്നതോടെ പ്രദേശത്തെ വികസന സാദ്ധ്യതകളും ഉയരുമെന്ന് കണക്കാക്കപ്പെടുന്നു. ശ്രീകാര്യത്ത് നിന്ന് പോത്തന്കോട്ടേക്കും മണ്ണന്തലയിലേക്കും എളുപ്പത്തില്‍ എത്താന്‍ കഴിയുന്നതിനാല്‍ നൂറുകണക്കിന് യാത്രക്കാരാണ് ഈ റോഡിനെ ആശ്രയിക്കുന്നത്.
സുധീഷ്കുമാര്‍ (എഇ,പൊതുമരാമത്തു കഴക്കൂട്ടം ഡിവിഷന്)
ശ്രീകാര്യത്തേക്ക് കൂടി റോഡ് പദ്ധതി നീട്ടേണ്ടിവന്നതിനാലാണ് പദ്ധതി നടത്തിപ്പില്‍ ചെറിയ കാലതാമസം നേരിടുന്നത്. രണ്ടുഘട്ടവും ഒന്നിച്ച് പൂര്‍ത്തിയാക്കാനാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: