വിളപ്പില്‍: നഗരത്തിന്റെ മേല്‍ക്കൂര എന്ന വിളിപ്പേരുണ്ട് ശാസ്താംപാറയ്ക്ക്. നഗരത്തില്‍ നിന്നും 14 കിലോമീറ്റര്‍ മാത്രമാണ് അനന്തപുരിക്കായി പ്രകൃതിയൊരുക്കിയ ഈ മേല്‍ക്കൂരയിലേക്കുള്ള ദൂരം. ഇവിടെ തണല്‍തേടി, ഇളം കാറ്റിന്റെ തണുപ്പുതേടി ദിവസേന സഞ്ചാരികളുടെ കുത്തൊഴുക്ക്.
ഉയരം കൂടിയ പാറക്കെട്ടുകളും ചെറുകുന്നുകളും നിറഞ്ഞ വിളപ്പില്‍ പഞ്ചായത്തിന്റെ പരിധിയിലാണ് ശാസ്താംപാറ സ്ഥിതി ചെയ്യുന്നത്. നഗരാതിര്‍ത്തിയില്‍ നിന്നും ആറുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ശാസ്താംപാറയുടെ നെറുകയിലെത്താം. ലോക് ഡൗണില്‍ അടഞ്ഞുകിടന്ന പ്രവേശനകവാടം കഴിഞ്ഞയാഴ്ച തുറന്നിട്ടതോടെ ജില്ലയില്‍ നിന്നു മാത്രമല്ല, ഇതരസംസ്ഥാനങ്ങളില്‍ നിന്നുപോലും സഞ്ചാരികള്‍ ഒഴുകിയെത്തുന്നു.
ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സില്‍ പരിപാലിക്കുന്ന ശാസ്താംപാറയില്‍ പടികയറിയെത്തുന്ന സഞ്ചാരികള്‍ക്ക് വിശ്രമിക്കാന്‍ ചെറുമണ്ഡപങ്ങളും പാര്‍ക്കുമൊക്കെ സജ്ജമാക്കിയിട്ടുണ്ട്. പാറയുടെ മുകളിലേക്കുള്ള വഴിയില്‍ ഇടയ്ക്കിടയ്ക്ക് കോണ്‍ക്രീറ്റില്‍ തീര്‍ത്ത ഇരിപ്പിടങ്ങളുമുണ്ട്. മൂന്നുതട്ടുകളിലായി ക്രമീകരിച്ചിരിക്കുന്ന പടികള്‍ കയറി പാറയുടെ മുകളിലെത്തിയാല്‍ അവിടെ മിനുസമുള്ള തറയോട് പാകിയ മണ്ഡപം കാണാം. വൈകുന്നേരങ്ങളില്‍ പാറയുടെ മുകള്ത്തട്ടിനെ തഴുകിയെത്തുന്ന ഇളംകാറ്റ് കൊള്ളാന്‍ ഈ മണ്ഡപം ഇടമൊരുക്കും.
ശാസ്താംപാറയുടെ മുകളില്‍ നിന്നും നോക്കിയാല്‍ തിരുവനന്തപുരം നഗരത്തിലെ പ്രധാനഭാഗങ്ങളെല്ലാം ദൃശ്യമാകും. നഗരത്തിന്റെ പടിഞ്ഞാറേ അതിരൊരുക്കി നീണ്ടുനിവര്‍ന്നു കിടക്കുന്ന ശംഖുംമുഖം ബീച്ചിന്റെ ഭംഗിയും കേരനിരകള്ക്കിടയിലേക്ക് തിരകള്‍ പതഞ്ഞു കയറുന്ന കോവളത്തിന്റെ മനോഹാരിതയും ഇവിടെ നിന്നും ദൃശ്യമാകും.
ആരെയും കുളിരണിയിക്കുന്ന കാഴ്ചകളാണ് ശാസ്താംപാറയില്‍ നിറയെ. പക്ഷേ, ഇനിയും പൂര്‍ത്തിയാകാത്ത സംരക്ഷണവേലി, ഇഴഞ്ഞു നീങ്ങുന്ന വികസനപ്രവര്‍ത്തനങ്ങള്‍, അടഞ്ഞുകിടക്കുന്ന ഫുഡ് ക്വാര്‍ട്ട്, സുരക്ഷാജീവനക്കാരില്ലെന്നത് ഒക്കെ ശാസ്താംപാറയുടെ ചന്തം കെടുത്തുന്നു.
വിളപ്പില്‍ പഞ്ചായത്തിലെ കുരുവിലാഞ്ചി വാര്‍ഡിലുള്ള 14 ഏക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ശാസ്താംപാറയുടെ മുകളിലായി പ്രാചീനകാലത്ത് സ്ഥാപിച്ചതെന്ന് കരുതുന്ന ശാസ്താക്ഷേത്രവുമുണ്ട്. നഗരത്തിന്റെ കിഴക്കന്‍ അതിര്ത്തിയൊരുക്കുന്ന പൊന്മുടി, അഗസ്ത്യാര്‍കൂട മലനിരകളും ഇവിടെ നിന്നും കാണാം. അതോടൊപ്പം നെയ്യാര്‍ ഡാമിന്റെ വിദൂരദൃശ്യവും ശാസ്താംപാറ കാട്ടിത്തരും. സമുദ്രരനിരപ്പില് നിന്ന് 1800 അടി ഉയരത്തിലാണ് ശാസ്താംപാറ സ്ഥിതി ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: