ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ തകര്‍ക്കപ്പെട്ട ഹിന്ദു ക്ഷേത്രം രണ്ടാഴ്ചയ്ക്കുള്ളില്‍ പുനര്‍നിര്‍മിച്ചു നല്‍കണമെന്ന് പാക് സുപ്രീംകോടതി. ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യാ ഭരണകൂടത്തോടാണ് തകര്‍ക്കപ്പെട്ട ക്ഷേത്രം പുനര്‍നിര്‍മിക്കണമെന്ന് കോടതി നിര്‍ദേശിച്ചത്. ഡിസംബര്‍ 30നാണ് കാരക് ജില്ലയിലെ തേരി ഗ്രാമത്തിലുള്ള പരമഹംസ്ജി മഹാരാജ് സമാധിയും കൃഷ്ണ ദ്വാര മന്ദിറും നൂറുകണക്കിന് അക്രമികള്‍ തകര്‍ക്കുകയും തീവയ്ക്കുകയും ചെയ്തത്.
സംഭവത്തില്‍ പാക്കിസ്ഥാന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഗുല്‍സാര്‍ അഹമ്മദ് സ്വമേധയ കേസെടുക്കുകയായിരുന്നൂ. ക്ഷേത്രം തകര്‍ക്കപ്പെട്ട സംഭവത്തെക്കുറിച്ച് ന്യൂനപക്ഷ വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന സാമാജികനായ രമേഷ് കുമാര്‍ ചീഫ് ജസ്റ്റിസിന് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണിത്. തുടര്‍ന്ന് കേസില്‍ ഇന്നലെ വാദം കേള്‍ക്കുകയും ക്ഷേത്രം പുനര്‍ നിര്‍മിച്ചുനല്‍കണമെന്ന് കോടതി ഉത്തരവിടുകയും ചെയ്തു.
ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യാ ഭരണകൂടത്തോടും മതകാര്യ വകുപ്പിനോടും (അഖഫ്) ക്ഷേത്ര പുനര്‍നിര്‍മാണം ഉടന്‍ ആരംഭിക്കാനും നിര്‍മാണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ക്ഷേത്രം തകര്‍ത്തവരില്‍നിന്ന് പുനര്‍നിര്‍മാണത്തിന്റെ ചെലവ് ഈടാക്കുമെന്നും കോടതി വ്യക്തമാക്കി.
രാജ്യത്തെ ക്ഷേത്രങ്ങളുടെ എണ്ണം, അഖഫിന്റെ കീഴിലുള്ള വസ്തുവകകള്‍ക്കു മേല്‍ നടന്നിട്ടുള്ള കൈയേറ്റം, ഭൂമി കൈയേറ്റത്തിനെതിരെ സ്വീകരിച്ചിട്ടുള്ള നടപടികള്‍ തുടങ്ങിയവ സംബന്ധിച്ച റിപ്പോര്‍ട്ട് ഹാജാരാക്കാനും കോടതി നിര്‍ദേശിച്ചു. പാക്കിസ്ഥാനിലെ എല്ലാ ക്ഷേത്രങ്ങളും അഖഫ് വകുപ്പിന്റെ കീഴിലാണ്.
ന്യൂനപക്ഷാവകാശം സംബന്ധിച്ച സുപ്രീംകോടതിയുടെ ഏകാംഗ കമ്മീഷന് ക്ഷേത്രം തകര്‍ത്ത സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയും കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ക്ഷേത്രം തകര്‍ത്ത സംഭവത്തില്‍ 14 പേരെ പാക്കിസ്ഥാന് പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജംഇയത്ത് ഉലമ ഇ ഇസ്ലാം എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. മൗലവി ഷെരീഫ് എന്നയാളാണ് ക്ഷേത്രം തകര്‍ക്കാന്‍ മുസ്ലീങ്ങളെ പ്രേരിപ്പിച്ചതെന്നാണ് സൂചന. 1997ലും ഈ ക്ഷേത്രം ആക്രമിക്കപ്പെട്ടിരുന്നു. 2015ല്‍ സുപ്രീംകോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന് പുനര്‍നിര്‍മിക്കാമെന്ന് പ്രാദേശിക മുസ്ലീങ്ങള്‍ സമ്മതിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും ക്ഷേത്രം തകര്‍ക്കപ്പെടുകയായിരുന്നു.
പ്രതിഷേധം ശക്തം
കാരക്: പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യയില്‍ ഹിന്ദു ക്ഷേത്രം തകര്‍ത്ത സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നാശ്യപ്പെട്ട് ന്യൂനപക്ഷ സമുദായ അംഗങ്ങള്‍ പെഷവാര്‍ പ്രസ് ക്ലബ്ബിനു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി.
ഹിന്ദു റൈറ്റ്സ് മൂവ്മെന്റ് ചെയര്മാന് ഹാറൂണ്‍ സഹാബ്ദിയാല്‍, ക്വമി വാന്‍ പാര്‍ട്ടി ന്യൂനപക്ഷ വിഭാഗം നേതാവ് മുനീര്‍ അക്തര്‍, ജമിഅത്ത് ഉലമ ഇ ഇസ്ലാം ഫസല്‍ പ്രതിനിധി ഫരിദ് സിങ്, പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി പ്രതിനിധി നസീബ് ചന്ദ്, ക്രൈസ്തവ പ്രതിനിധി പാ
സ്റ്റര്‍ ഷെഹസാദ് മുറാദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പാക് സര്‍ക്കാരിനെതിരെ പ്രതിഷേധം നടന്നത്. പോലീസിന്റെ വീഴ്ച്ച കൊണ്ടാണ് ചരിത്ര പ്രാധാന്യമുള്ള ഹിന്ദു ക്ഷേത്രം അഗ്നിക്ക് ഇരയാക്കപ്പെട്ടത്. ജില്ലാ പോലീസ് മേധാവിയടക്കമുള്ളവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
ക്ഷേത്രത്തിന്റെ തകര്‍ച്ച പാക്കിസ്ഥാനിലെ ഹിന്ദുക്കളുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്നതാണെന്നും ജനങ്ങളുടെ ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. അതേസമയം, സംഭവത്തില്‍ മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് പോലീസിന്റെ വാദം. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 48 ആയി. എന്നാല്‍, ക്ഷേത്രത്തിന് തീയിടാന്‍ ഒത്തുകൂടിയവരുടെ സംഖ്യ നൂറുകണക്കിന് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: