ന്യൂദല്‍ഹി: പുതിയ പാര്‍ലമെന്റ്മന്ദിരം പണിയാനും പാര്‍ലമെന്റിനു ചുറ്റുമുള്ള മേഖല സൗന്ദര്യവത്കരിക്കാനുമുള്ള 20,000 കോടി രൂപയുടെ സെന്‍ട്രല്‍ വിസ്ത പദ്ധതിക്ക് സുപ്രീംകോടതിയുടെ അനുമതി. പദ്ധതിക്കു വേണ്ടി ഭൂമിയുടെ ഉപയോഗത്തില്‍ മാറ്റം വരുത്താനുള്ള വിജ്ഞാപനവും പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും കോടതി ശരിവച്ചു.
ദല്‍ഹി വികസന അതോറിറ്റിയുടെ അധികാരം ഉപയോഗിച്ചതും പരിസ്ഥിതി മന്ത്രാലത്തിന്റെ അനുമതിയുമെല്ലാം സാധുവാണ്, കൃത്യമായ രീതിയില്‍ തന്നെയുള്ളതാണ്. അവ അംഗീകരിക്കുന്നു. ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ വ്യക്തമാക്കി. പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചുവെന്നും അനുമതി നല്‍കരുതെന്നും കാണിച്ച് നല്കിയ ഹര്‍ജികളെല്ലാം കോടതി തള്ളി. ഹെറിറ്റേജ് കണ്‍സര്‍വേഷന്‍ കമ്മിറ്റിയുടെ അനുമതി തേടണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
പരിസ്ഥിതി മലിനീകരണമുണ്ടാകാതിരിക്കാന് സ്മോഗ് ടവര്‍ (പൊടിയും പുകയും) സ്ഥാപിക്കണം, പൊടിയും പുകയും ചെറുക്കാന്‍ സ്മോഗ് തോക്കുകള്‍ (വലിയ മര്‍ദ്ദത്തില്‍ അന്തരീക്ഷത്തിലേക്ക് വെള്ളത്തുള്ളികള്‍ തളിക്കുന്ന തോക്കുകള്‍) ഉപയോഗിക്കണം, കോടതി വ്യക്തമാക്കി. പദ്ധതിക്ക് അനുമതി നല്കിയ ജസ്റ്റിസുമാരായ ഖാന്‍വില്‍ക്കര്‍, ദിനേഷ് മഹേശ്വരി എന്നിവരോട് യോജിച്ച ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നാല്‍ ഭൂമിയുടെ ഉപയോഗം മാറ്റുന്ന കാര്യത്തില്‍ വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചത്. ഹെറിറ്റേജ് കണ്‍സര്‍വേഷന്‍ കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി തേടിയില്ലെന്നതിലാണ് സഞ്ജീവ് ഖന്ന എതിര്‍പ്പ് പ്രകടിപ്പിച്ചത്.
20,000 കോടി രൂപയുടെ സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് ഡിസംബര്‍ 10ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടിരുന്നു. കോടതി വിധിയെ കേന്ദ്ര സര്‍ക്കാര്‍ സ്വാഗതം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: