തിരുവനന്തപുരം: കേരളത്തിലെ സഹകരണ മേഖലയെ ശുദ്ധീകരിക്കാന്‍ ബാങ്കിങ് നിയന്ത്രണ ഭേദഗതി നിയമവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ നിയമത്തെ ചെറുക്കാന്‍ സര്‍വകക്ഷി യോഗവുമായി സംസ്ഥാന സര്‍ക്കാര്‍.
നോട്ടുനിരോധന സമയത്ത് സഹകരണമേഖലയില്‍ വന്‍ ക്രമക്കേടുകള്‍ നടന്നുവെന്ന് റിസര്‍വ് ബാങ്ക് കണ്ടെത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കാന്‍ സഹകരണ സംഘങ്ങളെ ഉപയോഗിച്ചുവെന്ന് കേന്ദ്ര ധനകാര്യ വിഭാഗവും കണ്ടെത്തി. ഇതേ തുടര്‍ന്ന് കേരളത്തിലെ സഹകരണ ബാങ്കുകളെ നിയന്ത്രിക്കാന്‍ ബാങ്കിങ് നിയന്ത്രണ ഭേദഗതി കൊണ്ടുവരണമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു.
കള്ളപ്പണം തടയുന്നതിനായി സഹകരണ സംഘങ്ങളെ ഇന്‍കംടാക്സ് വകുപ്പിനു കീഴില്‍ കൊണ്ടുവരാന്‍ കേന്ദ്ര ധനമന്ത്രാലയം തീരുമാനിച്ചതിനെതിരെയും സംസ്ഥാന സര്‍ക്കാര്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. റിസര്‍വ് ബാങ്ക് നിയമം അനുസരിച്ച് ബാങ്ക് എന്ന് പേരുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമെ ചെക്ക് ഇടപാടുകള്‍ നടത്താന്‍ പാടുള്ളൂ. മറ്റുള്ള സഹകരണ സ്ഥാപനങ്ങള്‍ പേരിനോടൊപ്പം സഹകരണ സംഘം എന്ന് മാത്രമേ ചേര്‍ക്കാന്‍ പാടൂള്ളൂവെന്ന നിര്‍ദ്ദേശവും നല്‍കിയിരുന്നു. എന്നാല്‍, സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സഹകരണ സംഘങ്ങളും ചെക്ക് ഇടപാടുകള്‍ നടത്തിവരുന്നു. ഇത് വ്യാപക പണം തട്ടിപ്പിന് ഇടയാക്കുന്നു. പുതിയ നിയമപ്രകാരം കേരള ബാങ്കിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ്, ബോര്‍ഡ് ഓഫ് മാനേജ്മെന്റ് എന്നിവയുടെ ഘടനയില്‍ അഴിച്ചുപണി വേണ്ടിവരും. ബാങ്ക് ഭരണ സമിതികളുടെ കാലയളവില്‍ മാറ്റം വരും.
കേരള ബാങ്ക്, മലപ്പുറം സഹകരണ ബാങ്ക്, സര്‍വീസ് സഹകരണ ബാങ്കുകള്‍ എന്നിവയ്ക്കാണ് കേന്ദ്ര സര്‍ക്കാരിന്റെ നിയമം ബാധകമാവുക. എന്നാല്‍, എല്ലാ സഹകരണ സംഘങ്ങളെയും നിയമം ബാധിക്കുമെന്ന കള്ള പ്രചാരണമാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന് നടത്തുന്നത്. കേരള ബാങ്കിന്
എന്‍ഒസി നല്കിയപ്പോള് തന്നെ കാലാകാലങ്ങളില്‍ റിസര്‍വ് ബാങ്ക് കൊണ്ടുവരുന്ന എല്ലാ നിയമങ്ങളും പാലിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്. അതിനാല്‍, കേന്ദ്ര സര്‍ക്കാര്‍ നിയമം പാസാക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ എതിരഭിപ്രായം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. പുതിയ നിയമം പാസാകുന്നതോടെ ക്രമക്കേടുകള്‍ വരുത്തുന്ന ബാങ്കുകള്‍ക്കെതിരെ റിസര്‍വ് ബാങ്കിന് നേരിട്ട് നടപടി എടുക്കാനുമാകും
തൊണ്ണൂറ് ശതമാനം സര്‍വീസ് സഹകരണ സംഘങ്ങളും, മലപ്പുറം ഒഴികെയുള്ള കേരള ബാങ്കും സിപിഎമ്മിന്റെ നിയന്ത്രണത്തിലാണ്. ബാങ്കുകളുടെ നിയന്ത്രണം തങ്ങളില്‍ നിന്ന് പോകുമെന്ന ഭയമാണ് പ്രതിഷേധവുമായി രംഗത്തിറങ്ങാനുള്ള മുഖ്യ കാരണം. കൂടാതെ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അനിയന്ത്രിതമായി വായ്പകള്‍ നല്കി വോട്ടുപിടിക്കുന്ന തന്ത്രവും സിപിഎം കാലങ്ങളായി നടത്തിവരുന്നു. ഇതെല്ലാം നിലയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: