കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, ഭീകര പ്രവര്‍ത്തന പരിശീലനത്തിനായി വിദേശത്ത് വന്‍തോതില്‍ പണം സ്വരൂപിച്ചെന്നും അത് ഹവാല അധോലോക ഇടപാടുകള്‍ വഴിയാണ് ഇന്ത്യയിലെത്തിച്ചതെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ സത്യവാങ്മൂലം നല്കി.
വിദേശത്ത് പണപ്പിരിവിന് ചട്ടപ്രകാരം നേടേണ്ട അനുമതി നേടിയില്ല. പോപ്പുലര്‍ ഫ്രണ്ട് 100 കോടിയിലേറെ രൂപ ശേഖരിച്ചു. ഇതു സംബന്ധിച്ച് അടുത്തിടെ അറസ്റ്റിലായ കെ.എ. റൗഫില്‍നിന്നും ദേശവ്യാപകമായി പിഎഫ്ഐ നേതാക്കളുടെ വീടുകളില്‍ നടത്തിയ തെരച്ചിലില്‍ കിട്ടിയ രേഖകളില്‍നിന്നും തെളിവു കിട്ടി. റൗഫിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യുന്ന കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ വിവരിക്കുന്നു.
കണ്ണൂരിലെ നാറാത്ത് പിഎഫ്ഐ നടത്തിയ ഭീകര പ്രവര്‍ത്തന പരിശീലന ക്യാമ്പുമായി ബന്ധപ്പെട്ട് 2013ല്‍ എന്‍ഐഎ ചാര്‍ജ് ചെയ്ത കേസിലെ പ്രതിയാണ് റൗഫ്. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള ഇ ഡിയുടെ സമന്‍സ് തള്ളി വിദേശത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് കഴിഞ്ഞ മാസം 12ന് റൗഫ് അറസ്റ്റിലായത്. ഇയാളുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകള്‍ വഴി രണ്ടരക്കോടിയിലേറെ രൂപ ശരിയായ രേഖകളില്ലാതെ വന്നതായി ഇ ഡി കണ്ടെത്തിയിരുന്നു. ഇതില്‍ 19.7 ലക്ഷം ദോഹയില്‍ നിന്നായിരുന്നു. ഒമാനില്‍നിന്നും പണം വന്നിട്ടുണ്ട്.
പിഎഫ്ഐയുടെ ബാങ്ക് അക്കൗണ്ടിലല്ല പണം വന്നത്. റൗഫ് ഒമാനിലെ റേസ് ഇന്റര്‍നാഷണല്‍ ലിമിറ്റഡില്‍ ജീവനക്കാരനാണ്. പക്ഷേ, ബാങ്ക് അക്കൗണ്ടില്‍ പണം വന്നതിന് ശരിയായ രേഖകളില്ല. റൗഫിന് വിദേശത്തുനിന്ന് 95 ലക്ഷത്തോളം രൂപ വേറെയും വന്നതായി കണ്ടെത്തി, എന്നാല്‍ കൃത്യമായ വിശദീകരണം നല്കാന് റൗഫിന് കഴിഞ്ഞിട്ടില്ല. പിഎഫ്ഐ രാജ്യമെമ്പാടും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ധനസഹായം നല്കി. തേജസ്, അഴിമുഖം മാധ്യമങ്ങളില്‍ പത്ര പ്രവര്‍ത്തകനായിരുന്ന സിദ്ദിഖ് കാപ്പനും കൂട്ടര്‍ക്കും യുപിയിലെ ഹാഥ്രസില്‍ സാമൂഹ്യ സംഘര്‍ഷങ്ങള്‍ക്കുള്ള പ്രവര്‍ത്തനത്തിന് ധനസഹായം നല്കി അയച്ചതും പിഎഫ്ഐ കാമ്പസ് ഫ്രണ്ട് നേതാവായ റൗഫാണെന്നും അവര്‍ക്ക് ദല്‍ഹിയിലെ സിഎഎ വിരുദ്ധ കലാപത്തില്‍ പങ്കുണ്ടെന്നും സത്യവാങ്മൂലത്തിലുണ്ട്.
റൗഫ് ചോദ്യം ചെയ്യലില്‍ സഹകരിക്കുന്നില്ല, പലതും മറച്ചുവയ്ക്കുന്നു, രഹസ്യമായി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചു, ഐപാഡ്, ലാപ്ടോപ്,
പെന്‍ ഡ്രൈവ് തുടങ്ങിയവ കൈമാറാന്‍ വിസമ്മതിച്ചു. അവയെല്ലാം ഏജന്‍സിക്ക് നല്‍കാതെ, അനുജന് സല്മാന് ഷെരീഫിന് കൈമാറി. നോട്ടീസ് അയച്ചിട്ടും സല്മാന് ഇ ഡിയില്‍ ഹാജരായില്ല. പിന്നീട് ചിലത് കൈമാറിയപ്പോള്‍ അവ ലോക്ക് ചെയ്ത നിലയിലാണ്.
ഇങ്ങനെ അന്വേഷണത്തോട് നിസ്സഹകരിക്കുന്ന റൗഫിന് ജാമ്യം നല്കിയാല് അയാള്‍ രക്ഷപ്പെടും, കേസിനെ ബാധിക്കും, സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ടി.എ. ഉണ്ണിക്കൃഷ്ണന് ഇ ഡിക്കുവേണ്ടി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: