തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പ് കൂട്ടലും കിഴിക്കലും പൂര്‍ണമായില്ല. ജയിച്ച സീറ്റുകളില്‍ രണ്ടാം സ്ഥാനത്താണെങ്കിലും വോട്ടു കൂട്ടിയപ്പോള്‍ ഒന്നാം സ്ഥാനം. അതാണ് കോണ്‍ഗ്രസിന്റെ അവകാശവാദം. വോട്ടിന്റെ മേല്‍ക്കൈയല്ല സീറ്റ് നേട്ടമാണ് ഭരണം നിയന്ത്രിക്കുന്നതെന്ന് എപ്പോള്‍ തിരിച്ചറിയുമെന്നറിയില്ല.
രണ്ടുമാസം കഴിഞ്ഞാല്‍ നിയമസഭാ തെരഞ്ഞെടുപ്പെന്ന മഹാമഹം നടക്കാന്‍ പോവുകയാണ്. അതിലെങ്ങിനെ? ആരോടൊപ്പം, ആരൊക്കെ എന്നെല്ലാം വ്യക്തമാകാനിരിക്കുന്നതേയുള്ളൂ. അതിന് മുന്നെ ചാഞ്ചാട്ടവും ചാക്കിട്ട് പിടിത്തത്തിന്റെ ഒരുക്കങ്ങളും തകൃതി. ഉത്തരേന്ത്യയിലാണ് പണ്ടൊക്കെ പതിവ് കാലുമാറ്റവും കൂറുമാറ്റവുമെല്ലാം. അന്നതിന് വിളിപ്പേര് ‘ആയറാം ഗയാറാം’ എന്നൊക്കെ. ആ ശീലം തങ്ങള്‍ക്കും വഴങ്ങുമെന്ന് കേരളത്തിലെ പാര്‍ട്ടികളും പരസ്യമായി പ്രകടിപ്പിക്കുന്നു.
പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് എന്‍സിപിയിലെ മാണി സി കാപ്പന് കട്ടായമായി പറയുന്നു. പാലാ സീറ്റ് ജോസ് കെ. മാണിയുടെ പാര്‍ട്ടിക്ക് നല്‍കേണ്ടി വരുമെന്ന് ഇടതുമുന്നണിയുടെ നിരീക്ഷണത്തിനിടയിലാണ് കാപ്പന്റെ കോപ്പുകൂട്ടല്‍. ജോസ് കെ മാണി പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പാണല്ലോ കെ.എം. മാണിയുടെ പാര്‍ട്ടിയെ പിളര്‍ത്തി യുഡിഎഫില്‍ നിന്നും എല്‍ഡിഎഫില്‍ എത്തിയത്. ജോസ് മോന് കൂടെ വന്നപ്പോള്‍ മധ്യ തിരുവിതാംകൂറില്‍ ഇടതിന് സീറ്റുകള്‍ കുന്നുകൂടിയെന്നാണ് ഇടതിന്റെ സന്തോഷം. ജോസ് പറയുന്നത് കേള്‍ക്കാനാണ് സിപിഎമ്മിനും ഇഷ്ടം. നോട്ടെണ്ണുന്ന യന്ത്രം ഇപ്പോള്‍ ജോസിന്റെ വീട്ടിലാണല്ലോ.
സിറ്റിംഗ് സീറ്റ് എങ്ങനെ വിട്ടു കൊടുക്കുമെന്ന് ശങ്കയാണ് എന്‍സിപിക്ക്. പക്ഷെ എന്‍സിപിക്കാരനായ എ.കെ. ശശീന്ദ്രന് അത്തരമൊരു ശങ്കയേയില്ല. സിറ്റിംഗ് സീറ്റ് പോയാലും ഇടത് മുന്നണി ബാന്ധവം വിടാന്‍ പറ്റില്ലെന്നാണ് ശശീന്ദ്രന്റെ വാദം. ശശീന്ദ്രന്റെ സീറ്റ് വിട്ടുകൊടുക്കട്ടെ എന്ന് കാപ്പന്. ഇതിനിടയില്‍ മാണി സി. കാപ്പന് അപ്രതീക്ഷിത ക്ഷണം. യുഡിഎഫിലേക്ക് വാ, സീറ്റ് പാലായില്‍ തന്നെ നല്‍കാമെന്ന് പി.ജെ. ജോസഫ്. അത് കാപ്പനെ ചെറുതായൊന്നുമല്ല സന്തോഷിപ്പിച്ചത്. പാലയ്ക്കുവേണ്ടിയുള്ള അവകാശവാദം ബലപ്പെടുത്തി. വേണ്ടി വന്നാല്‍ ഇതിന്റെ പേരില്‍ എന്‍സിപിയെ പിളര്‍ത്താനും തയ്യാറെടുക്കുകയാണ്. അങ്ങനെ വന്നാല്‍ മന്ത്രി ശശീന്ദ്രനെ കൈവിട്ട് പാല മെമ്പര്‍ യുഡിഎഫിലേക്ക് നീങ്ങും. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഇരു കൂട്ടരും ശരദ് പവാറിനെയും കാണും.
ആളും അനക്കവുമില്ലാതെ ശശീന്ദ്രന് തനിച്ചായിപ്പോകുമോ എന്ന ഭയമൊന്നും വേണ്ട കേട്ടോ. ശശീന്ദ്രന് വലിയ ഓഫര്‍ വന്നിരിക്കുന്നു. എന്റെ പാര്‍ട്ടിയിലേക്ക് വന്നോളൂ എന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് വിളിക്കുന്നു. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസ് എസ് എന്ന മഹാ പ്രസ്ഥാനത്തിന് (?) മന്ത്രി രണ്ട്.
എ.കെ. ശശീന്ദ്രനും കടന്നപ്പള്ളി രാമചന്ദ്രനുമെല്ലാം കോണ്‍ഗ്രസിനെ പിളര്‍ത്തി എ.കെ. ആന്റണി പാര്ട്ടിയുണ്ടാക്കിയപ്പോള് ഒരുമിച്ചായിരുന്നു. ഒടുവില്‍ എ.കെ. ആന്റണിയും മറ്റ് കൂട്ടുരുമെല്ലാം മാതൃപേടകത്തിലേക്ക് തിരിച്ചെത്തി. ശേഷിച്ച കടന്നപ്പള്ളിയും ശശീന്ദ്രനും വേര്‍പിരിഞ്ഞ് നില്‍പ്പായി. വേര്‍പിരിയലിന്റെ വേദനയൊന്നും ഇരുവര്‍ക്കും അനുഭവിക്കേണ്ടി വന്നില്ല. വെറ്റിലക്കൊടി രാഷ്ട്രീയമല്ലേ കയ്യിലുള്ളത്. ഏത് മുരിക്കിന് കാലിലും പടര്‍ന്നുകയറി തലയെടുപ്പു കാണിക്കാന്‍ മിടുക്കുള്ളപ്പോള്‍ പേടിക്കാനെന്തിരിക്കുന്നു.
ഇതിനിടയിലാണ് മറ്റൊരവതാരം രംഗത്തുവരുന്നത്. ഇടതിലും വലതിലും തനിയേയും മത്സരിക്കാനും ജയിക്കാനും മടിയില്ലാത്ത പി.സി. ജോര്‍ജിന് സ്വന്തമായൊരു പാര്‍ട്ടിയുണ്ട് ജനപക്ഷം. ആ പക്ഷം കോണ്‍ഗ്രസ് പക്ഷത്തേയ്ക്ക് ചായാന്‍ തയ്യാറെടുത്തിരിക്കുന്നു. കോണ്‍ഗ്രസ് നേതാക്കളുമായി ഇതിനകം അഭിപ്രായം പങ്കുവച്ചുകഴിഞ്ഞു. അഞ്ചു സീറ്റുകളില്‍ മത്സരിക്കാന്‍ ജോര്‍ജ്ജ് മോഹിക്കുമ്പോള് 35 സീറ്റില്‍ മത്സരിക്കാന്‍ ഒരുങ്ങുകയാണത്രെ മുസ്ലിംലീഗ്. എല്ലാ ജില്ലകളിലും സീറ്റു വേണമെന്ന വാശിയിലുമാണവര്‍. വിജയം ഉറപ്പിച്ച്. യുഡിഎഫിലെ ഏറ്റവും വലിയ കക്ഷിയാകാനും വേണ്ടി വന്നാല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കാനും ലീഗ് ഒരുങ്ങും. ഇടത്തേയ്ക്ക് ചാഞ്ഞ് ഭരണ പങ്കാളിത്തത്തിന് വാദിക്കാമല്ലൊ. കേരള രാഷ്ട്രീയത്തിലേക്ക് വരാന്‍ പി.കെ. കുഞ്ഞാലിക്കുട്ടി തയ്യാറാകുന്നതിനെ പിണറായി വിജയന് സ്വാഗതം ചെയ്തത് അടുത്തിടെയാണല്ലൊ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: