ശ്രീനഗര്‍: ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി(പിഡിപി) നേതാവ് മെഹ്ബൂബ മുഫ്തി ആറുമാസത്തിനിടയില്‍ ചെലവഴിച്ചത് 82 ലക്ഷത്തോളം രൂപ. ശ്രീനഗറിലെ ഗുപ്കര്‍ റോഡിലെ ഔദ്യോഗിക വസതി നവീകരിക്കാനാണ് 2018 ജനുവരി മുതല്‍ ജൂണ്‍വരെ വരെയുള്ള കാലയളവില്‍ ഇത്രയും തുക ചെലവഴിച്ചതെന്ന് ജമ്മുകാശ്മീരില്‍നിന്നുള്ള പൊതു പ്രവര്ത്തകന് ഇനാം ഉന്‍ നബി സൗദഗര്‍ നല്കിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയില്‍ പറയുന്നു.
വീട്ടുപകരണങ്ങള്‍, കിടക്കവിരികള്‍, ടിവികള്‍, മറ്റുള്ള സാധനങ്ങള്‍ എന്നിവ വാങ്ങാനാണ് ഈ തുക ചെലവഴിച്ചത്. 2018 മാര്‍ച്ച് 28ന് വിരിപ്പുകള്‍ വാങ്ങാനായി 28 ലക്ഷം രൂപ ചെലവാക്കി. ഇതേവര്‍ഷം ജൂണില്‍ മാത്രം, 22 ലക്ഷം രൂപയുടെ എല്‍ഇഡി ടിവികള്‍ ഉള്‍പ്പെടെ വിവിധ സാധനങ്ങള്‍ക്കായി 25 ലക്ഷം രൂപ മുടക്കി. 2017 ജനുവരി 30ന് 14 ലക്ഷം രൂപ ചെലവിട്ടിട്ടുണ്ടെന്നും 2020 സെപ്റ്റംബര്‍ ഒന്ന് തീയതി രേഖപ്പെടുത്തിയ വിവരാവകാശ മറുപടിയില്‍ പറയുന്നു.
2018 ഫെബ്രുവരി 22ന് കിടക്കവിരികള്ക്കായി 11,62,000 രൂപ മുടക്കി. 2018 മാര്‍ച്ചില്‍ വീട്ടുപകരണങ്ങള്‍ക്കായി 25 ലക്ഷവും വിരിപ്പുകള്ക്കായി 28 ലക്ഷവും ചെലവിട്ടു. തീന്മേശയില് ഉപയോഗിക്കുന്ന കത്തി, മുള്ള്, സ്പൂണ്‍ തുടങ്ങിയവയ്ക്കായി 2016 ഓഗസ്റ്റിനും 2018 ജൂലൈക്കും ഇടയില്‍ 40 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്. ഭാരതസര്‍ക്കാരാണ് പണം മുടക്കിയതെന്ന് വിവരാവകാശ രേഖയില്‍ പറയുന്നു. സംസ്ഥാനത്ത് നടന്ന ജില്ലാ വികസന കൗണ്‍സില്‍ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് കണക്കുകള്‍ പുറത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: