ലഖ്നോ: യോഗി ആദിത്യനാഥ് കൊണ്ടുവന്ന മതപരിവര്‍ത്തനനിരോധന നിയമത്തിന് പിന്തുണയുമായി 224 മുന്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍. നിയമവിരുദ്ധമായി മതപരിവര്‍ത്തനം നടത്തുന്നത് തടയുന്ന ഓര്‍ഡിനന്‍സ് ഈയിടെയാണ് യുപിയില്‍ പ്രാബല്യത്തില്‍ വന്നത്.
ഈ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 104 മുന്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ മുന്നോട്ട് വന്നതിന് തൊട്ടുപിന്നാലെയാണ് നിയമത്തിന് അനുകൂലമായി 224 മുന്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ വന്‍പിന്തുണയുമായി എത്തിയത്.
നിയമത്തിനെതിരായുള്ള പ്രതികരണം സര്‍ക്കാര്‍ വിരുദ്ധവും പക്ഷം പിടിക്കുന്നതുമാണെന്ന് 224 ഉദ്യോഗസ്ഥര്‍ ഒപ്പുവെച്ച കത്തില്‍ പറഞ്ഞു. ‘സര്‍വ്വീസില്‍ നിന്നും വിരമിച്ച ഒരു സംഘം നിയമത്തിനെതിരെ പക്ഷംപിടിക്കുന്ന തരത്തിലും സര്‍ക്കാരിനെതിരായ രീതിയിലും പ്രതികരിച്ചത് ആശങ്കയുണര്‍ത്തുന്നതായും കത്ത് ചൂണ്ടിക്കാട്ടുന്നു. നിരുത്തരവാദപരമായ ഇത്തരം പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നത് ഉത്തരവാദിത്വമുള്ള ഐഎഎസ് ഉദ്യോഗസ്ഥരെ അപമാനിക്കുന്നതിന് തുല്ല്യമാണെന്നും കത്ത് പ്രസ്താവിക്കുന്നു.
അനധികൃതമായ മതപരിവര്‍ത്തനം തടയുന്നതാണ് ഈ നിയമമെന്നും കത്തില്‍ ഒപ്പുവെച്ച 224 പേരുടെ സംഘത്തിലുള്ള യോഗേന്ദ്ര നാരായണ്‍ പിന്നീട് ഒരു സ്വകാര്യ ടിവി ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് ഇത്തരം നിയമങ്ങള്‍ രൂപവല്‍ക്കരിക്കാന്‍ അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ഒരു മതത്തിനോ സംഘത്തിനോ എതിരായുള്ളതല്ല ഈ നിയമം. ആരെങ്കിലും മതപരിവര്‍ത്തനം നടത്താനുദ്ദേശിക്കുന്നുണ്ടെങ്കില്‍ അത് നിയമനടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: