ജിഹ്വാഗ്രേ വസതേ ലക്ഷ്മി
ജിഹ്വാഗ്രേ മിത്ര ബാന്ധവാഃ
ജിഹ്വാഗ്രേ ബന്ധന പ്രാപ്തി
ജിഹ്വാഗ്രേ മരണം ധ്രുവം
നാവാണ് മനുഷ്യന്റെ ശത്രു എന്നൊരു ചൊല്ലുണ്ട്. ക്രൂരവാക്കാകുന്ന അസ്ത്രത്തിന്റെ മുനയേറ്റാല്‍ അത് ചികിത്സിച്ചു ഭേദമാക്കുന്ന ഭിഷഗ്വരനില്ല എന്ന് മഹാഭാരതത്തില്‍ വിദുരവാക്യത്തില്‍ പറയുന്നു. രാമായണത്തില്‍ സീതാപഹരണത്തിന് കളമൊരുക്കാന്‍ മാരീചന് സ്വര്‍ണമാനിന്റെ വേഷം ധരിച്ചു വരുന്ന സന്ദര്‍ഭം ഓര്‍ക്കുക. മാരീചന്റെ കള്ളക്കരച്ചില് കേട്ടു നിസ്സംഗനായി നിന്ന ലക്ഷ്മണനോടു സീത പറഞ്ഞ ക്രൂരമായ വാക്കുകള്‍ കേട്ട് ചെവി പൊത്തിക്കൊണ്ടാണ് ലക്ഷ്മണന് ശ്രീരാമന്റെ അടുത്തേക്ക് പോകുന്നത്. ഈ തക്കം നോക്കി രാവണന് സീതയെ തട്ടിക്കൊണ്ടു പോയി.
ഒരുവന്റെ സംസ്കാരത്തിന്റെയും സ്വഭാവത്തിന്റെയും കൂടി പ്രതിഫലനമാണ് അവര്‍ ഉപയോഗിക്കുന്ന പദങ്ങള്‍. അവന്റെ ചിന്തകളുടെ ഗതിയും നന്മതിന്മകളും അവന്റെ ഭാഷണത്തില്കൂടി അന്യന് ഗ്രഹിക്കുന്നു. അവനെ സമൂഹം വിലയിരുത്തുന്നു. ഒരുവനെ പ്രോത്സാഹിപ്പിക്കാനും അസ്തപ്രജ്ഞനാക്കാനും ജിഹ്വ മതി. സമുദ്ര ലംഘനത്തിന് ഹനുമാനെ പ്രചോദിപ്പിച്ചത് ജാംബവാനാണ്. എന്നാല്‍ അര്‍ജുന പക്ഷപാതിയായിരുന്ന ദ്രോണര് കഠിന വാക്കുകള്‍ കൊണ്ട് കര്‍ണനെ യുദ്ധരംഗത്തു മുറിവേല്പ്പിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ മാനസികമായി തളര്‍ന്ന കര്‍ണനെ അര്ജുനന് വീഴ്ത്തി.
അക്ഷരങ്ങള്‍ ചേര്‍ന്ന് വാക്കുകളുണ്ടാകുന്നു. അക്ഷരം അഗ്നിയാണെന്നു പറയാറുണ്ട്. അഗ്നി എന്ന പോലെ വാക്കുകളും ശ്രദ്ധയോടെയും വിവേകത്തോടെയും ഉപയോഗിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: