പൂവാര്‍: ഒരിടവേളയ്‌ക്കുശേഷം തീരദേശത്ത് വീണ്ടും തെരുവുനായ്‌ക്കളുടെ ശല്യം രൂക്ഷമായി. കോട്ടുക്കാല്‍, കരുംകുളം പഞ്ചായത്തിലെ തീരദേശ മേഖലയുള്‍പ്പെടെ ചെമ്പകരാമന്‍തുറ അടിമലത്തുറ, അമ്പലത്തിന്‍മൂല എന്നിവിടങ്ങളിലാണ് തെരുവുനായ ശല്യം രൂക്ഷമായത്.
തീരത്തേക്ക് പോകുന്ന എല്ലാവരെയും തെരുവുനായ്‌ക്കള്‍ സംഘം ചേര്‍ന്ന് ആക്രമിക്കുക പതിവാണ്. സന്ധ്യകഴിഞ്ഞാല്‍ തീരദേശം നായ്‌ക്കളുടെ കേന്ദ്രമായി മാറും. നാലുവര്‍ഷം മുമ്പ് രാത്രി ഏഴുമണിയോടെ പ്രാഥമികാവശ്യത്തിനായി തീരത്തേക്കു പോയ ചെമ്പകരാമന്‍തുറയിലെ സിലുവമ്മയെ തെരുവുനായ്‌ക്കല്‍ കൂട്ടംചേര്‍ന്ന് ആക്രമിച്ച് കടിച്ചുകീറി കൊന്നത് വലിയ വാര്‍ത്തയായിരുന്നു. സംഭവം വിവാദമായതോടെ സര്‍ക്കാര്‍ സഹായത്തോടെ പഞ്ചായത്തധികൃതര്‍ തീരദേശമേഖലകളില്‍ നിന്നും കുറച്ചു നായ്‌ക്കളെ പിടിച്ച് കൊണ്ടുപോയി വന്ധ്യംകരണം നടത്തിയെന്നല്ലാതെ തുടര്‍ന്ന് ഒന്നും നടന്നില്ല.
കടല്‍തീരത്തും മറ്റ് പ്രദേശങ്ങളിലും പരിസരവാസികള്‍ വലിച്ചെറിയുന്ന ആഹാരാവശിഷ്ടങ്ങള്‍, ഹോട്ടലുകള്‍, ഇറച്ചിക്കടകളില്‍ നിന്നുള്ള മാംസാവശിഷ്ടങ്ങള്‍, കോഴി വേസ്റ്റ് എന്നിവ അമ്പലത്തിന്‍മൂല പാലത്തിന് സമീപം രാത്രികാലങ്ങളില്‍ ഉപേക്ഷിക്കുന്നു. ഇതാണ് മേഖലയില്‍ തെരുവുനായ്‌ക്കല്‍ വര്‍ദ്ധിക്കാന്‍ കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു. മാലിന്യങ്ങളിൽ നിന്നും വമിക്കുന്ന ദുര്‍ഗന്ധം കാരണം ഇതു വഴി മൂക്കുപൊത്താതെ യാത്ര ചെയ്യാന്‍ കഴിയില്ല. അവധി ദിനങ്ങളില്‍ അടിമലത്തുറ ബീച്ചില്‍ തീരസൗന്ദര്യം നുകരാന്‍ എത്തുന്ന വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഒരുപോലെ ബുദ്ധിമുട്ടുന്നു. നായ്‌ക്കളുടെ ശല്യം രൂക്ഷമായതിനാൽ കൊച്ചുകുട്ടികള്‍ക്ക് സായാഹ്നങ്ങളില്‍ മണല്‍പരപ്പില്‍ കളിക്കാനും സാധിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: