ചാവക്കാട്: ഒരുമനയൂരില്‍ ബിജെപി പ്രവര്ത്തകന് പൂവ്വന്തര രാജേഷിന്റെ മകന് ജീവനെ (20) ആക്രമിച്ച കേസില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ പിടിയില്‍. ഒരുമനയൂര്‍ കണ്ണികുത്തി കണ്ടമ്പുള്ളി മഹേഷ് (33), മുത്തമ്മാവ് കറുത്തേടത്ത് നിബിന്(22) എന്നിവരെയാണ് കുന്നംകുളം എസിപി ടി.എസ്. സിനോജ്, ചാവക്കാട് എസ്എച്ച്ഒ. അനില്‍കുമാര്‍ ടി.മേപ്പിള്ളി എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കരിങ്കല്ല് കൊണ്ട് തലക്കടിയേറ്റ് ഗുരുതരമായ പരിക്കേറ്റ ജീവന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഒരുമനയൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡില്‍ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ടെത്തിയ പഞ്ചായത്ത് ആറാം വാര്‍ഡ് ബിജെപി മെമ്പറും, ബിജെപി ഗുരുവായൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമായ സിന്ധു അശോകന്, ബിജെപി ഒരുമനയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ് പൂവ്വന്തറ എന്നിവരെ ശനിയാഴ്ച സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു.
ഞായറാഴ്ചയാണ് ജീവന് നേരെ ആക്രമണമുണ്ടായത്. ചാവക്കാട് എസ്ഐമാരായ യു.കെ. ഷാജഹാന്, സുനില്‍, കെ.പി.ആനന്ദ്, എഎസ്ഐമാരായ കെ.ആര്. സജിത്ത്കുമാര്‍, സുധാകരന്, ബിന്ദുരാജ്, സിപിഒമാരായ സുബീഷ്, മിഥുന് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
നടപടി വേണമെന്ന് ബിജെപി
ഒരുമനയൂരില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സിപിഎമ്മുകാര്‍ക്കെതിരെ നടപടി വേണമന്ന് ബിജെപി ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രവര്‍ത്തകരെ ക്രൂരമായി പരിക്കേല്‍പ്പിച്ച ഇവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും, ഒരുമനയൂരില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ആക്രമണം തുടരുകയാണെങ്കില്‍ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും ബിജെപി മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: