ശാസ്താംകോട്ട: നിയമവിരുദ്ധമായി മുത്തലാക്ക് ചൊല്ലി ബന്ധം വേര്പെടുത്തിയെന്നാരോപിച്ച് യുവതി ഭര്‍ത്താവിന്റെ വീട്ടുപടിക്കല്‍ സത്യാഗ്രഹത്തില്‍. പോരുവഴി മയ്യത്തുംകര സ്വദേശിയാണ് മൂന്ന് വര്‍ഷം മുന്‍പ് വിവാഹം കഴിച്ച ഇരുപത്തൊന്നുകാരിയെ ഗള്‍ഫില്‍ നിന്നും രണ്ട് തവണ മുത്തലാക്ക് അയച്ച് ബന്ധം വേര്‍പെടുത്തിയത്. കേന്ദ്രസര്‍ക്കാര്‍ മുത്തലാക്ക് നിരോധിച്ചതിനാല്‍ ഈ നടപടി നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് യുവതി ഭര്‍ത്താവിന്റെ വീട്ടുപടിക്കല്‍ സത്യഗ്രഹം തുടങ്ങിയത്.
മൂന്ന് വര്‍ഷം മുന്‍പാണ് ഇവരുടെ വിവാഹം നടന്നത്. തുടര്‍ന്ന് പതിനാറാമത്തെ ദിവസം ഭര്‍ത്താവ് ഗള്‍ഫില്‍ പോയി. പിന്നീട് ആദ്യം കുറച്ചു ദിവസങ്ങളില്‍ ഫോണില്‍ യുവതിയുമായി സംസാരിക്കുമായിരുന്നു. പിന്നീട് വിളിക്കാതായി. തിരിച്ചുവിളിച്ചാല്‍ ഫോണ്‍ എടുക്കാറുമില്ലെന്ന് യുവതി പറയുന്നു. ഇതിനിടെയാണ് ഇയാള്‍ യുവതിയെ തലാക്ക് ചൊല്ലിക്കൊണ്ട് കത്തയച്ചത്. രണ്ട് തവണ തലാക്ക് ചൊല്ലി. തലാക്കിന്റെ കാരണം വ്യക്തമാക്കിയിരുന്നില്ലത്രേ.
തലാക്ക് ചൊല്ലിയ വിവരമറിഞ്ഞ യുവതിയുടെ പിതാവ് കുഴഞ്ഞു വീഴുകയും തുടര്‍ന്ന് ആശുപത്രിയില്‍ വച്ച് മരണമടയുകയും ചെയ്തത് യുവതിയെയും കുടുംബത്തേയും ആകെ തളര്‍ത്തി. ഇതിനിടെ ഗള്‍ഫില്‍ നിന്നും നാട്ടില്‍ വന്ന ഇയാള്‍ കൊല്ലത്തുള്ള മറ്റൊരു യുവതിയെ വിവാഹം കഴിച്ചതായും പറയുന്നു.
മുത്തലാക്ക് സര്‍ക്കാര്‍ നിരോധിച്ചത് ചൂണ്ടിക്കാട്ടി യുവതി കോടതിയെ സമീപിച്ചു. തുടര്‍ന്ന് കോടതി യുവതിക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കാന്‍ അനുവാദം നല്കി. എന്നാല്‍ കോടതി ഉത്തരവിന് തൊട്ടുപിന്നാലെ പോരുവഴിയിലെ വീട് പൂട്ടി ഇയാള്‍ സ്ഥലം വിട്ടു. രണ്ടാമത് വിവാഹം കഴിച്ച യുവതിക്കൊപ്പം ഇയാള്‍ കൊല്ലത്ത് താമസിക്കുന്നതായാണ് വിവരം. ഇതേ തുടര്‍ന്നാണ് യുവതി സത്യാഗ്രഹം തുടങ്ങിയത്. നേരത്തെ ഇവര്‍ ശൂരനാട് പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ലന്ന് ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: