കൊച്ചി : സ്വപ്ന പദ്ധതിയായ ഗെയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കമ്മിഷന് ചെയ്ത് നാടിന് സമര്‍പ്പിച്ചു. കേരള, കര്‍ണാടക ഗവര്‍ണര്‍മാരുടേയും മുഖ്യമന്ത്രിമാരുടേയും സാന്നിധ്യത്തിലാണ് ദീര്‍ഘകാലടിസ്ഥാനത്തില്‍ വലിയ വിപ്ലവം സൃഷ്ടിക്കാനുള്ള പദ്ധതി പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചത്. വീഡിയോ കോണ്ഫറന്സിങ്ങിലൂടെയാണ്പദ്ധതി കമ്മിഷന് ചെയ്തത്.
കേരളത്തിലെയും കര്‍ണാടകത്തിലെയും ജനങ്ങള്‍ക്ക് ഇത് സുപ്രധാന ദിനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ ജനസാന്ദ്രത കൂടിയ സ്ഥലങ്ങളില്‍ പദ്ധതി നടപ്പിലാക്കുക പ്രയാസകരമാണ്. എന്നാല്‍ ഗ്യാസ് ലൈന്‍ പദ്ധതി യഥാര്‍ത്ഥ്യമാക്കാനുള്ള പ്രതിബന്ധങ്ങളെ എല്ലാവരും ഒരുമിച്ച് നിന്ന് മറികടന്നു. രണ്ട് സംസ്ഥാനങ്ങളുടേയും ഭാവി വികസനത്തില്‍ ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി നിര്‍ണായകമായി മാറും.
സിറ്റിഗ്യാസ് പദ്ധതിയിലൂടെ എല്ലായിടത്തും സിഎന്‍ജി ഗ്യാസ് എത്തിയാല്‍ പിന്നെ കൂടുതല്‍ വാഹനങ്ങള്‍ സിഎന്‍ജി ഇന്ധനത്തിലേക്ക് മാറും. ജനങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും ഇത് വലിയ നേട്ടമാകും. കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തു വിടുന്നത് തടയുക വഴി പ്രകൃതിയോട് നാം ചെയ്യുന്ന വലിയ സേവമായിരിക്കുമിത്. സ്വച്ഛ് ഭാരതിനും ഈ പദ്ധതി വലിയൊരു ആശ്വാസമാണ്. പ്രകൃതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ സിഎന്‍ജി ഗ്യാസിന്റെ ലഭ്യത വിവിധ വ്യവസായങ്ങള്‍ക്ക് ചെലവ് കുറഞ്ഞ ഇന്ധനമായിരിക്കും. ഗാര്‍ഹിക ആവശ്യത്തിന് കുറഞ്ഞചെലവില്‍ ഗ്യാസ് എത്തിച്ചു നല്കാന് സാധിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.
ഗെയില്‍ പദ്ധതിയുടെ വിജയം ഫെഡറല്‍ രീതിയുടെ ക്ലാസിക്കല്‍ ഉദാഹരണമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനും അറിയിച്ചു. സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കിയതിന് മുഖ്യമന്ത്രി പിണറായി വിജയനേയും കേന്ദ്രമന്ത്രി അഭിനന്ദിച്ചു.
പ്രളയത്തിനും കോവിഡ് വ്യാപനത്തിനും ഇടയിലും ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ പ്രയ്ത്നിച്ച ഉദ്യോഗസ്ഥരേയും തൊഴിലാളികളേയും അനുമോദിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു. പദ്ധതിക്കായി കേരള പോലീസ് നിസ്വാര്‍ത്ഥ സേവനമാണ് കാഴ്ചവെച്ചത്. കുറഞ്ഞ വിലയില്‍ കേരളമെങ്ങും പ്രകൃതി വാതകം എത്തിക്കാന്‍ സാധിച്ചാല്‍ സംസ്ഥാനത്ത് വന്‍ വികസനമുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഏലൂരില്‍ നിന്ന് മംഗലാപുരം വരെ ഏഴ് ജില്ലകളിലൂടെയാണ് ഗെയില്‍ പദ്ധതി കടന്നുപോകുന്നത്. 450 കിലോമീറ്റര്‍ പൈപ്പ് ലൈന്‍ ആണ് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിരിക്കുന്നത്. 3226 കോടി രൂപയാണ് പദ്ധതിയുടെ ചിലവ്. 12 എംഎംഎസ് സിഎംഡി വാതക നീക്കശേഷിയുള്ളതാണ് പൈപ്പ് ലൈന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: