മാനന്തവാടി: രാജ്യത്തെ അഴിമതി എന്ന ക്യാന്‍സറിനെ തുടച്ചു നീക്കി എന്ന നേട്ടമാണ് കഴിഞ്ഞ കേന്ദ്ര സര്‍ക്കാറിന്റെ ആറ് വര്‍ഷ ഭരണനേട്ടമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. മത ന്യൂനപക്ഷങ്ങളില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നവര്‍ക്കുള്ള സ്വീകരണ യോഗം കല്ലോടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ കോമാളി മുന്നണികളാണ്. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മികച്ച വിജയമാണ് എന്‍ഡിഎ നേടിയത്. രാജ്യത്തിന്റെ വികസന പുരോഗതിയാണ് മോദി സര്‍ക്കാറിന്റെ ലക്ഷ്യം. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഗെയ്ല് പൈപ്പ് ലൈന്‍ പദ്ധതിയുടെ ഇന്നത്തെ ഉദ്ഘാടനം. ഗുജറാത്തില്‍ മൂന്ന് വര്‍ഷം കൊണ്ട് ഗെയ്ല് പദ്ധതി നടപ്പാക്കിയെങ്കില്‍ കേരളത്തില്‍ അത് 11 വര്‍ഷക്കാലം പിടിച്ചു. ഗെയ്ല് പദ്ധതി പൂര്‍ത്തീകരണത്തില്‍ എട്ട്കാലി മമ്മൂഞ്ഞിന്റെ നയമാണ് എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍ സ്വീകരിക്കുന്നത്.
കേരളത്തില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുക്ത കേരളമാകും ഉണ്ടാകുക. ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് സിപിഎം അന്തര്‍ധാര സജീവമായി നിലനില്‍ക്കുന്നുണ്ട്. കൊറോണ വാക്സിനുകള്‍ രാജ്യത്ത് ഉത്പാദിപ്പിച്ചത് രാജ്യത്തിന്റെ നേട്ടമാണ്. അത് ലോകരാഷ്ട്രങ്ങളില്‍ പോലും അംഗികരിപ്പെടും. രാജ്യത്തിന്റെ വികസനം നരേന്ദ്ര മോദിയിലൂടെ മാത്രമേ കഴിയുകയുള്ളു എന്നും അതിന് കേരളം സന്നദ്ധമാകണമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
ബിജെപി എടവക പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സജിശങ്കര്‍ മുഖ്യപ്രഭാഷണം നടത്തി. ബിജെപി ആദ്യകാല പ്രവര്‍ത്തകരെ നിയോജക മണ്ഡലം പ്രസിഡന്റ് കണ്ണന് കണിയാരം ആദരിച്ചു. അഖില്‍ പ്രേം, വിജയന് കൂവണ, പുനത്തില്‍ രാജന് തുടങ്ങിയവര്‍ സംസാരിച്ചു. ചെണ്ട വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആയിരുന്നു അബ്ദുള്ളക്കുട്ടിയെയും ബിജെപിയില്‍ ചേര്‍ന്നവരെയും കല്ലോടിയിലേക്ക് സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: